ഭിക്ഷയെടുത്ത് നെല്‍കര്‍ഷക പ്രതിഷേധം
1300992
Thursday, June 8, 2023 12:53 AM IST
ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നല്‍കുക, ഹാൻഡലിംഗ് ചാര്‍ജ് പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുക, കിഴിവുകൊള്ള അവസാനിപ്പിക്കുക, വിളനാശ നഷ്ടപരിഹാരം നൽകുക, പമ്പിംഗ് സബ്സിഡി കുടിശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതി കണ്‍വീനേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തില്‍ നടന്ന കുട്ടനാട് താലൂക്ക് അദാലത്തു ഹാളില്‍ മുമ്പില്‍ നെല്‍കര്‍ഷകര്‍ പിച്ചയെടു ത്ത് പ്രതിഷേധിച്ചു.
ഭിക്ഷയെടുക്കല്‍ സമരം നെല്‍കര്‍ഷക സംരക്ഷണ സമിതി സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ പഞ്ചായത്തുതല കോഓര്‍ഡിനേറ്റർമാരായ കെ.ബി. മോഹനന് വെളിയനാട്, ശര്‍മാജി നീലംപേരൂര്‍, സി.ഡി. ജോണ്‍, ടോം പുളിങ്കുന്ന്, ജോഷി ചമ്പക്കുളം, സന്തോഷ് പറമ്പിശേരി, രാധാകൃഷ്ണപിള്ള തകഴി, ജയിംസ് കല്ലൂപ്പാത്ര, കാര്ത്തികേയന്, കൈനകരി ലാലിച്ചന്‍ പള്ളിവാതുക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെല്‍കര്‍ഷക സംരക്ഷണ സമിതി സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ പി.ആര്. സതീശന് അധ്യക്ഷത വഹിച്ചു. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ കര്‍ഷകരാണ് സമരത്തില്‍ പങ്കാളികളായത്. അദാലത്തിനെത്തിയ മന്ത്രിമാരായ സജി ചെറിയാന്, ജി.ആര്. അനില്‍ എന്നിവര്‍ കടന്നുപോയപ്പോള്‍ അവരുടെ മുന്നിലും കര്‍ഷകര്‍ ഭിക്ഷാപാത്രവുമായി കടന്നുചെന്നു.