ചെത്തിപ്പുഴ ആശുപത്രിയില്‍ സുഭിക്ഷം പദ്ധതിക്കു തുടക്കം
1300991
Thursday, June 8, 2023 12:53 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക ഭക്ഷ്യ സുരക്ഷാദിനത്തോടനുബന്ധിച്ച് ഓണക്കാലത്ത് വിഷരഹിതവും സുരക്ഷിതവുമായ പച്ചക്കറികള്‍ ലഭിക്കാന്‍ ലക്ഷ്യമിട്ടുള്ള സുഭിക്ഷം പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും സൗജന്യ പച്ചക്കറി വിത്ത് വിതരണവും ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
ആശുപത്രിയിലെ അഞ്ഞൂറോളം സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന പച്ചക്കറികൃഷി മത്സരം സുരക്ഷിതമായ ഭക്ഷണം ദൈനദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ജൈവ പച്ചക്കറി കൃഷി മത്സരം ഓണത്തിന് മുന്നോടിയായി സമാപിക്കും.
ചാസ് ഡയറക്ടര്‍ ഫാ. തോമസ് കുളത്തിങ്കല്‍ ജൈവ പച്ചക്കറി കൃഷി ക്ലാസ് നയിച്ചു. കൃഷി ചെയ്യുന്ന പച്ചക്കറികള്‍ ഓണക്കാലത്ത് ആശുപത്രിയില്‍ ഒരുക്കുന്ന ഓണച്ചന്തയില്‍ വില്പനയ്ക്കു വയ്ക്കുന്നതാണ്. വിഷരഹിത പച്ചക്കറി ഓണക്കാലത്ത് ലഭ്യമാക്കാനും സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സുഭിക്ഷം പദ്ധതി സഹായിക്കും. സുഭിക്ഷം പദ്ധതിയിലെ വിജയികള്‍ക്ക് 5000, 3000, 2000 രൂപ വീതം മൂന്നു സമ്മാനങ്ങൾ നല്‍കും.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, സിസ്റ്റര്‍ മെറീന എസ്ഡി, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.