ബസ് സര്‍വീസുകള്‍ നിലച്ചു; ളാക്കാട്ടൂര്‍ റൂട്ടില്‍ യാത്രാക്ലേശം
1300907
Wednesday, June 7, 2023 11:47 PM IST
ളാക്കാട്ടൂര്‍: കെഎസ്ആര്‍ടിസി ഉള്‍പ്പടെ നിരവധി ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ളാക്കാട്ടൂര്‍ റൂട്ടില്‍ ബസ് സര്‍വീസുകള്‍ നിലച്ചതോടെ ഈ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. മേഖലയിലെ ഒരു റൂട്ടില്‍ കൂടിയും ബസ് സര്‍വീസ് ഇല്ലാത്ത സ്ഥിതിയാണ്.
കോട്ടയത്തുനിന്ന് ഒറവയ്ക്കല്‍, ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജംഗ്ഷന് വഴി പള്ളിക്കത്തോട്ടിലേക്കും പാമ്പാടിയിലേക്കും പൊന്കുന്നത്തേക്കുമായി ഒരു കെഎസ്ആര്‍ടിസി ഉള്‍പ്പടെ ആറു ബസുകള്‍ വരെ സര്‍വീസ് നടത്തിയിരുന്നു. ളാക്കാട്ടൂരില്നിന്ന് ചെന്നാമറ്റം അയര്‍ക്കുന്നം വഴി കോട്ടയത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് കോട്ടയം ഡിപ്പോയിലെതന്നെ ഏറ്റവും പഴക്കമേറിയ സര്‍വീസുകളിലൊന്നായിരുന്നു. വളരെ ലാഭത്തില്‍ ഓടിയിരുന്ന ഈ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കി. ഇതിനെതിരേ നിരവധി പരാതികള്‍ നാട്ടുകാര്‍ അധികൃതര്‍ക്കു കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല.
ളാക്കാട്ടൂര്‍, പുതുക്കളം, പൂതിരി തുടങ്ങിയ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് നിലവില്‍ കോട്ടയത്തേക്കോ പള്ളിക്കത്തോടിനോ പോകണമെങ്കില്‍ ഒറവയ്ക്കലോ കൂരോപ്പടയിലോ എത്തേണ്ട സ്ഥിതിയാണ്. ഓട്ടോറിക്ഷയ്ക്കു നൂറും നൂറ്റമ്പതും രൂപ മുടക്കിയാണ് മിക്കവരും ബസില്‍ കയറുന്നതിനായി ഇവിടങ്ങളില്‍ എത്തുന്നത്. നേരത്തെ സര്‍വീസ് നടത്തിയിരുന്ന ചില ബസുകളുടെ ഉടമകള്‍ സര്‍വീസ് നടത്താന്‍ തയാറല്ലെങ്കിലും പെര്‍മിറ്റ് വിട്ടു നല്കാന് തയാറാകാത്തതിനാല്‍ സര്‍വീസ് നടത്താല്‍ താത്പര്യമുള്ള സ്വകാര്യ ബസുകള്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ബസ് റൂട്ടിന്റെ പരിധിയില്‍ വരുന്നുണ്ട്. ബസ് ഇല്ലാത്തതിനാല്‍ ജോലിക്ക് പോകേണ്ടവരും വിദ്യാര്‍ഥികളുമാണ് ഏറെ പ്രയാസപ്പെടുന്നത്. നിര്‍ത്തലാക്കിയ ബസ് സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.