ശമ്പളവർധന അപര്യാപ്തം: യുടിയുസി
1300827
Wednesday, June 7, 2023 10:34 PM IST
മുണ്ടക്കയം: പ്ലാന്റേഷൻ ലേബർ കമ്മിറ്റി കൂടി തോട്ടം തൊഴിലാളികളുടെ ശമ്പളം 41 രൂപ വർധിപ്പിക്കാനുള്ള തീരുമാനം തോട്ടം തൊഴിലാളികളോടുള്ള കടുത്ത വഞ്ചനയാണെന്നും ശമ്പള വർധന തൊഴിലാളികൾക്ക് അപര്യാപ്തമാണെന്നും യുടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.വി. തങ്കപ്പൻ, എകെപിഎൽയു അസിസ്റ്റന്റ് സെക്രട്ടറി സിജു കൈമാറ്റം എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
തോട്ടം തൊഴിലാളികളുടെ ശമ്പളം 600 രൂപയാക്കി ഉയർത്തുമെന്നായിരുന്നു എൽഡിഎഫ് പ്രകടനപത്രികയിൽ ഉണ്ടായിരുന്നത്. ഏഴ് വർഷം കഴിഞ്ഞിട്ടും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റ് ഇതിന് തയാറായിട്ടില്ലെന്നും തോട്ടം മാനേജ്മെന്റിനെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 69 രൂപ തൊഴിലാളികളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ എഗ്രിമെന്റ് ഒപ്പിടാതെ നിന്ന ഇടതുപക്ഷ യൂണിയനുകൾ ഇപ്പോൾ 41 രൂപ വർധിച്ചപ്പോൾ ഒപ്പിട്ടത് തൊഴിലാളികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രൂപയാക്കി ഉയർത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
കൂടാതെ പിരിഞ്ഞു പോകുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും തോട്ടം മുതലാളിമാർ തടഞ്ഞുവയ്ക്കുകയാണെന്നും സർക്കാർ ഇത്തരം വിഷയങ്ങളിൽ അടിയന്തരമായി ഇടപ്പെടണമെന്നും ഇവർ ആവശ്യപ്പെട്ടു. എൻ.ജെ. റോജിമോനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.