ഉരുളികുന്നം തോട്ടുങ്കൽ പാലം പുനർനിർമിക്കണമെന്ന്
1300826
Wednesday, June 7, 2023 10:34 PM IST
ഉരുളികുന്നം: എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട്-ജീരകത്തുപടി റോഡിലെ തോട്ടുങ്കൽപാലത്തിന്റെ അടിയിലെ കൽക്കെട്ടുകൾ ഇളകിയും കൈവരിയുടെ ഒരുഭാഗം തകർന്നും അപകടാവസ്ഥയിൽ. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകുമ്പോൾ അടിയിലെ കല്ലുകൾ തെന്നിമാറുന്നുണ്ട്.
40 വർഷം മുന്പ് നിർമിച്ച വീതി കുറവായ പാലമാണിത്. ജീരകത്തുപടിയിൽനിന്ന് വളവും ഇറക്കവും ഇറങ്ങിയെത്തുന്ന വാഹനങ്ങൾക്ക് കൈവരിയുടെ തകർച്ച ഭീഷണിയായതിനാൽ മുന്നറിയിപ്പായി നാട്ടുകാർ മുളങ്കമ്പുകൾ നാട്ടിയിരിക്കുകയാണ്.
ജീരകത്തുപടി മുതൽ തോട്ടുങ്കൽപാലം വരെയുള്ള ഭാഗത്ത് ടാറിംഗ് പൊളിഞ്ഞും ഗതാഗതം ദുഷ്കരമാക്കുന്നു. റീടാറിംഗും പാലത്തിന്റെ അറ്റകുറ്റപ്പണികളും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.