വീണ്ടും ആടുകളെ കൊന്നു; പാക്കാനെന്ന് വനംവകുപ്പ്
1300823
Wednesday, June 7, 2023 10:34 PM IST
എരുമേലി: അറുതിയില്ലാതെ വന്യമൃഗ ആക്രമണം. ഇന്നലെ പുലർച്ചെ ഇരുമ്പൂന്നിക്കര മുത്തോട്ട് സന്തോഷിന്റെ രണ്ട് ആടുകളെ ആക്രമിച്ചു കൂട്ടിൽ കൊന്നിട്ട നിലയിൽ കണ്ടെത്തി.
പ്രദേശത്തു പരിശോധന നടത്തിയ വനപാലകർ വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഇതു കാട്ടുപാക്കാൻ എന്ന വന്യജീവിയുടേതാണെന്നു വനപാലകർ പറഞ്ഞു. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും തുമരംപാറ വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇ.ജെ. ബിനോയ് ആവശ്യപ്പെട്ടു.
മാർജാര വംശത്തിൽപ്പെടുന്ന ജീവിയാണ് കാട്ടുപാക്കാൻ. ഒറ്റനോട്ടത്തിൽ കണ്ടാൽ പുലിയാണെന്നു തോന്നും. എന്നാൽ, അത്ര വലുപ്പമില്ല. ചെറിയ ജീവികളാണ് ഇതിന്റെ ഭക്ഷണമെന്നും വനാതിർത്തികളിലാണ് ഇവ കഴിയുന്നതെന്നും വനപാലകർ പറഞ്ഞു.
ഒരു ഡസൻ ആക്രമണം
കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു കർഷകർ കൊല്ലപ്പെട്ടതു കഴിഞ്ഞ മാസം 19നായിരുന്നു. ഇതിനകം ഒരു ഡസനോളം വന്യമൃഗ ആക്രമണ സംഭവങ്ങളാണ് ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുമ്പൂന്നിക്കര മേഖലയിൽ മാത്രമുണ്ടായത്. ഇരുമ്പൂന്നിക്കര, ആശാൻ കോളനി, കൊപ്പം, തുമരംപാറ, കോയിക്കക്കാവ് എന്നിവിടങ്ങളിൽ ആക്രമണങ്ങൾ പെരുകുകയാണ്. വളർത്തുമൃഗങ്ങളാണ് ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്.
ആടുകൾ, നായകൾ എന്നിവയാണ് കാടിറങ്ങി എത്തുന്ന അജ്ഞാത ജീവികളുടെ ഇരകൾ. എയ്ഞ്ചൽവാലിയിൽ കടുവ, പുലി എന്നിവയെ കണ്ടെന്നു നാട്ടുകാർ അറിയിച്ചിരുന്നു. മൂക്കൻപെട്ടിയിൽ അരുവിക്കൽ ജ്ഞാനകുമാറിന്റെ ആടിനെ കൊന്നതു പുലി ആണെന്നാണ് നാട്ടുകാർ പറയുന്നത്. കീരിത്തോട് ഭാഗത്തു കാട്ടാനകളാണ് പ്രശ്നക്കാർ.
എരുമേലി ടൗണിനു സമീപം കാരിത്തോട് ഭാഗത്തു പുലിയെ കണ്ടെന്നു പ്രചാരണമുണ്ടായെങ്കിലും ഇതു കാട്ടുപൂച്ച ആണെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
നഷ്ടപരിഹാരമില്ല
ഇതുവരെ വന്യമൃഗങ്ങൾ കൊലപ്പെടുത്തിയ വളർത്തുമൃഗങ്ങളുടെ ഉടമകൾക്കൊന്നും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഒട്ടേറെത്തവണ ആനകളെത്തി കൃഷികൾ നശിപ്പിച്ചു. ഇതിലും നഷ്ടപരിഹാരമില്ല. വനത്തിലെ മരംവീണ് അപകടമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണു മറ്റൊരു പരാതി.
അതേസമയം, വന്യമൃഗ ആക്രമണങ്ങളിൽ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞയിടെ ലഭിച്ച അപേക്ഷകളിൽ നടപടി പൂർത്തിയാകുന്നെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു. പട്ടയം ഇല്ലാത്ത ഭൂമിയിലെ വന്യമൃഗ ആക്രമണങ്ങൾക്കു നഷ്ട പരിഹാരം നൽകാൻ തടസമുണ്ട്. ഇരുമ്പൂന്നിക്കര മേഖലയിൽ പട്ടയം ലഭ്യമായിട്ടില്ലാത്ത കുടുംബങ്ങൾ നിരവധിയുണ്ട്.
വേലി നോക്കുകുത്തി
തുമരംപാറ, ഇരുമ്പൂന്നിക്കര മേഖലയിൽ മാത്രം 30 ലക്ഷത്തോളം രൂപ ചെലവിട്ടു വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ വേലികൾ ഒന്നുംതന്നെ പ്രവർത്തിക്കുന്നില്ല. എരുമേലിയുടെ കിഴക്കൻ മേഖലയിലും സമാനസ്ഥിതിയാണ്. അതേസമയം, കിഴക്കൻ മേഖലയിൽ സ്വകാര്യ വ്യക്തികൾ വച്ച വേലികൾ പ്രവർത്തിക്കുന്നുണ്ട്. വേലികളിൽ കാടുകൾ വളരുന്നതു യഥാസമയം നീക്കുകയും ബാറ്ററികളും സോളാർ പാനൽ ബോർഡുകളും പ്രവർത്തനക്ഷമമാക്കുകയും വേണം. സൗരോർജ വൈദ്യുതിയുടെ ചെറിയ തോതിലുള്ള ഷോക്ക് കൊണ്ടു മൃഗങ്ങളെ ഭയപ്പെടുത്തി കാട്ടിലേക്കു തിരിച്ചുവിടാൻ വേലികളിലെ വൈദ്യുതി പ്രവാഹത്തിനു കഴിയും.
വീണ്ടും പുതിയ വേലി
വനംവകുപ്പിന്റെ സോളാർ വേലികളിൽ മിക്കതും നിലവിൽ പ്രവർത്തിക്കുന്നില്ല. ഇവ ഇനി പ്രവർത്തിപ്പിക്കാൻ ചെലവേറുമെന്നാണ് വകുപ്പിന്റെ നിലപാട്. പകരം പുതിയ വേലികൾ സ്ഥാപിക്കാൻ പദ്ധതി തയാറാക്കി ടെൻഡർ ചെയ്തിരിക്കുകയാണ് വനംവകുപ്പ്.
എന്നാൽ, ഇതു കരാറുകാർക്കു വീണ്ടും കൊയ്ത്ത് നടത്താൻ മാത്രമുള്ള പദ്ധതി ആണെന്നും വേലികളുടെ പരിചരണംകൂടി കരാറിൽ ഉൾപ്പെടുത്തിയെങ്കിലേ പ്രയോജനമുള്ളൂവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അങ്ങനെ വ്യവസ്ഥ ഇല്ലെന്നും ഫണ്ട് ഇല്ലെന്നുമാണ് വനംവകുപ്പിന്റെ മറുപടി.