സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി; വെള്ളപ്പൊക്ക ഭീതിയൊഴിഞ്ഞ് നാട്ടുകാർ
1300821
Wednesday, June 7, 2023 10:32 PM IST
പൂഞ്ഞാർ: സംരക്ഷണഭിത്തി നിർമാണം പൂർത്തിയായതോടെ വെള്ളപ്പൊക്ക ഭീതിയൊഴിഞ്ഞ് മുക്കുഴി നിവാസികൾ.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 14-ാം വാർഡിലെ മുക്കുഴി ഭാഗത്ത് പാതാമ്പുഴ ആറിനോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികളുടെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു ഒരു ചെറിയ മഴ ചെയ്താൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം. ചെറിയ വെള്ളപ്പൊക്കത്തിൽ തന്നെ വീടുകളിൽ വെള്ളം കയറി വളരെയധികം നഷ്ടങ്ങൾ ഉണ്ടാകുമെന്നു മാത്രമല്ല, ഭീതിയോടു കൂടി മാത്രമേ ജീവിക്കാൻ സാധിക്കൂ എന്ന അവസ്ഥ കൂടിയായിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത് സമീപത്തെ വീടുകൾ മുഴുവൻ മുങ്ങിപ്പോകുകയും വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ജീവൻ തന്നെ തിരിച്ചു കിട്ടിയത് ഭാഗ്യത്തിനാണ്. വെള്ളപ്പൊക്കം തടയാൻ സംരക്ഷണഭിത്തി നിർമിക്കുന്നതിനായി പല ജനപ്രതിനിധികളെയും സമീപച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഒടുവിൽ വാർഡ് മെംബർ അനിൽകുമാർ മഞ്ഞപ്ലാക്കലിന്റെ ശ്രമഫലമായി എംജിഎൻആർഇജിഎസ് പദ്ധതിയുടെ സംസ്ഥാന മിഷന്റെ പ്രത്യേക അനുമതി പ്രകാരം 20 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കുകയായിരുന്നു. എംജിഎൻആർഇജിഎസ് ഈരാറ്റുപേട്ട ബ്ലോക്ക് എൻജിനിയർ അപർണയും പഞ്ചായത്ത് അസി. എൻജിനിയർ ആൻസിയും സീനായും നിർമാണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം നടത്തി.
സംരക്ഷണഭിത്തി യാഥാർഥ്യമാക്കി വെള്ളപ്പൊക്ക ഭീഷണി ഇല്ലാതാക്കിയ വാർഡ് മെംബർ അനിൽകുമാർ മഞ്ഞപ്ലാക്കലിനെ പ്രദേശവാസികൾ അഭിനന്ദിച്ചു.