ഒടുവിൽ റിവർവ്യൂ പാർക്ക്, തൂക്കുപാലം തുറക്കുന്നു
1300817
Wednesday, June 7, 2023 10:32 PM IST
പാലാ: പാലാ നഗരം കൂടുതൽ സുന്ദരിയായി മാറുന്നു. പാലാക്കാരുടെ സായാഹ്നങ്ങളെ കൂടുതൽ മധുരതരമാക്കാൻ മീനച്ചില്‍ റിവര്‍വ്യൂ പാര്‍ക്ക്, ഗ്രീന്‍ ടൂറിസം കോംപ്ലക്സ്, അമിനിറ്റി സെന്റർ, തൂക്കുപാലം എന്നിവ തുറന്നുകൊടുക്കും. ഇതിനുള്ള നടപടികൾ ദ്രുതഗതിയിൽ മുന്നോട്ട്.
ളാലം തോടിനു മറുകരയുള്ള അമിനിറ്റി സെന്ററിലേക്കു വൈദ്യുതി എത്തിക്കാനായി പോസ്റ്റ് സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങി. കാടുപിടിച്ചു കിടക്കുന്ന പാര്‍ക്ക് തെളിക്കുന്ന ജോലികളും ഉടന്‍ ആരംഭിക്കും.
കാടുകയറി
മീനച്ചില്‍ റിവര്‍വ്യൂ പാര്‍ക്ക്, ഗ്രീന്‍ ടൂറിസം കോംപ്ലക്സ്, അമിനിറ്റി സെന്റര്‍ എന്നിവ 2020 ഒക്ടോബര്‍ 22നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാന്‍ നടപടിയുണ്ടായില്ല. കെട്ടിടം കാടുകയറിയും തൂക്കുപാലം തുരുമ്പെടുത്തും നശിച്ചിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയത്തിലായിരുന്നു. ഒട്ടേറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും അമിനിറ്റി സെന്ററും അനുബന്ധ സംവിധാനങ്ങളും ഏറെക്കാലം അടഞ്ഞുകിടന്നു.
ഗ്രീന്‍ ടൂറിസം പദ്ധതി
ഗ്രീന്‍ ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാണ് ഗ്രീന്ടൂറിസം സംഗമം പാര്‍ക്ക് നിര്‍മിച്ചത്. നഗരഹൃദയത്തില്‍ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപം 45 സെന്റ് സ്ഥലത്ത് തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം സജ്ജമാക്കി. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു പാലത്തിലേക്കു പ്രവേശന സൗകര്യവും ഏര്‍പ്പെടുത്തി. 2,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിച്ചത്. അഞ്ചു കോടിയിലേറെ രൂപ മുടക്കിയാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയത്.
ലണ്ടൻ ബ്രിഡ്ജ്!
പാലാ കുരിശുപള്ളിയുടെ മാതൃകയിലുള്ള പാലത്തിന്റെ പ്രവേശന കവാടം, ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലുള്ള ഇരുമ്പുപാലം, പാരീസിലെ ലവ് റെ മ്യൂസിയത്തിന്റെ ആകൃതിയിലുള്ള ഗ്ലാസ് റൂഫ് ഉള്ള ഭൂഗര്‍ഭ നിര്‍മിതി എന്നിവയെല്ലാം പ്രത്യേകതയായിരുന്നു. ഭൂഗര്‍ഭ മുറിയില്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടിപര്‍പ്പസ് ഹാള്‍, 300 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ കോണ്‍ഫറന്‍സ് ഏരിയ, തുറന്ന ലഘുഭക്ഷണശാല, റിവര്വ്യൂയിംഗ് പ്ലാറ്റ്ഫോം, ചെറിയ പാര്‍ക്ക്, നടപ്പാത, വൈദ്യുത ദീപാലങ്കാരം എന്നിവയെല്ലാം മീനച്ചില്‍ റിവര്‍വ്യൂ പാര്‍ക്കില്‍ രൂപകല്പന ചെയ്തു.
വ്യൂ പോയിന്റ്
രണ്ടു മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമുള്ളതാണ് ഇരുമ്പു പാലം. മീനച്ചിലാറിനോടും ളാലം തോടിനോടും ചേര്‍ന്നുളള നഗരസഭയുടെ സ്ഥലം കെട്ടിയെടുത്താണ് പാര്‍ക്കും ഉദ്യാനവും നിര്‍മിച്ചത്. വിശ്രമിക്കാനായി ഇരിപ്പിടങ്ങളും വാക്ക് വേയും തയാറാക്കി. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യൂ പോയിന്റും നിര്‍മിച്ചു. സായാഹ്നങ്ങള്‍ ചെലവഴിക്കാനും കുട്ടികള്‍ക്ക് ഉല്ലാസ സ്ഥലമൊരുക്കാനും ഉതകുംവിധമായിരുന്നു പദ്ധതി.
അഞ്ചു കോടി
2013ല്‍ ഭരണാനുമതി ലഭിച്ച മീനച്ചില്‍ റിവര്‍വ്യൂ പാര്‍ക്കിനും തൂക്കുപാലത്തിനുമായി മന്ത്രിയായിരുന്ന കെ.എം. മാണി അഞ്ചു കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല്, മാര്‍മല എന്നീ സഞ്ചാര കേന്ദ്രങ്ങളും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം, തങ്ങള്പാറ തുടങ്ങിയ തീര്‍ഥാടന സ്ഥലങ്ങളും കേന്ദ്രീകരിച്ചു നടത്തുന്ന ഗ്രീന്‍ ടൂറിസം പദ്ധതിയുടെ കവാടമെന്ന നിലയിലാണ് പാലായില്‍ കേന്ദ്രം സജ്ജമാക്കിയത്.