ഉദ്ഘാടന ചടങ്ങിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധവുമായി ഷോൺ ജോർജ്
1300815
Wednesday, June 7, 2023 10:32 PM IST
ഈരാറ്റുപേട്ട: വാഗമൺ റോഡ് ഉദ്ഘാടന ചടങ്ങിൽനിന്നു തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്. പ്രസ്തുത റോഡിന്റെ 18 കിലോമീറ്ററിലധികം കടന്നുപോകുന്ന തീക്കോയി ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കാത്തതിനുള്ള പ്രതിഷേധം അറിയിക്കുന്നു. തന്റെ പിതാവായ പി.സി. ജോർജിന്റെ കാലത്താണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണ ത്തിന് 63.99 കോടി രൂപ അനുവദിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പു നടപടികൾ പൂർത്തിയാക്കാൻ നാളിതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ടാറിംഗിനായി 19 കോടി അനുവദിച്ചുവെങ്കിലും കരാർ ഏറ്റെടുത്തയാൾ വളരെ മോശമായ രീതിയിൽ നിർമാണം നടത്തിയതിനെത്തുടർന്ന് ഇതിനെതിരെ താൻ ഹൈക്കോടതിയെ സമീപ്പിച്ചപ്പോൾ മാത്രമാണ് പണി റീടെൻഡർ ചെയ്യാൻ സർക്കാർ തയാറായത്.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇതെന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാലാണ് തന്നെ ഉദ്ഘാടന ചടങ്ങിൽനിന്ന് ഒഴിവാക്കിയതെങ്കിൽ കൃതാർഥനാണെന്നും ഷോൺ മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.