അമൽജ്യോതി കോളജിലെ സമരങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണം: കത്തോലിക്ക കോൺഗ്രസ്
1300814
Wednesday, June 7, 2023 10:32 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിർഭാഗ്യകരമായ സംഭവത്തിനുശേഷം കോളജിൽ നടന്ന അതിക്രമങ്ങൾക്കും പ്രതിഷേധ സമരങ്ങൾക്കും പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മികച്ച പരിശീലനം നൽകുന്ന, കൃത്യമായ അച്ചടക്കത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച നിലവാരമുള്ള എൻജിനിയറിംഗ് കോളജ് എന്ന ഖ്യാതി നേടിയ സ്ഥാപനമാണ് അമൽജ്യോതി. വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് കോളജുമായി യാതൊരു ബന്ധവുമില്ലാത്ത ചില ബാഹ്യശക്തികൾ സമരവുമായി രംഗത്തിറങ്ങിയത് ദുരൂഹമാണ്. സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിത്തന്നെയാണ് പുറത്തുനിന്നുള്ള ആളുകളെ ബസിൽ കൊണ്ടുവന്ന് സമരത്തിനിറക്കുകയും വിദ്വേഷപ്രചരണങ്ങൾ നടത്തുകയും ചെയ്തത്.
ക്രിസ്ത്യൻ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള പ്രവണത സമീപകാലത്ത് വർധിച്ചുവരികയാണ്. സമാനസാഹചര്യത്തിൽ അടുത്തകാലത്ത് ചില സ്ഥാപനങ്ങളിൽ നടന്ന വിദ്യാർഥി ആത്മഹത്യകളിൽ കേരളത്തിൽ ഒരു പ്രതിഷേധവും കണ്ടില്ലെന്നത് ശ്രദ്ധേയമാണ്. അധ്യാപകരെ തടഞ്ഞുവച്ചും സ്ഥാപനത്തിന് നാശനഷ്ടം വരുത്തിയുമുള്ള പ്രതികരണങ്ങൾ ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. ക്രൈസ്തവ സ്ഥാപനങ്ങളുടെ പേരിൽ രാഷ്ട്രീയ - വർഗീയ മുതലെടുപ്പുകൾ നടത്താനുള്ള താത്പരകക്ഷികളുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മാത്യു പാലക്കുടി, ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, മനോജ് കല്ലുകളം, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ആൻസി പുന്നമറ്റത്തിൽ, സിനി ജിബു നീറനാക്കുന്നേൽ, ജിൻസ് പള്ളിക്കമ്യാലിൽ, അനിത ജസ്റ്റിൻ, റെന്നി ചക്കാലയിൽ എന്നിവർ പ്രസംഗിച്ചു.