ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നാടിനു സമര്‍പ്പിച്ചു
1300813
Wednesday, June 7, 2023 10:32 PM IST
ഈരാറ്റുപേട്ട: നവീകരിച്ച ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം ആഘോഷമാക്കി നാട്. അരുവിത്തുറ പള്ളിക്കു സമീപത്ത് മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും നാട് ഘോഷയാത്രയോടെ വരവേറ്റു. 19.90 കോടി രൂപ ചെലവില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിച്ച റോഡ് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിച്ചു.
ലോകത്താകമാനമുള്ള മലയാളികള്‍ പരിഹരിക്കണമെന്നാഗ്രഹിച്ച പ്രശ്നമാണ് വാഗമണ്‍ റോഡ് നവീകരിച്ചതിലൂടെ സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും ഏറ്റവും കൂടുതല്‍ പേര് ആവശ്യമുന്നയിച്ച പ്രശ്നമായിരുന്നു ഇത്.
സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ കാലതാമസമുണ്ടാക്കുമെന്നതും കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡിന്റെ സ്ഥിതിയും ടൂറിസം സാധ്യതകളും കണക്കിലെടുത്താണ് ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് 19.90 കോടി രൂപ മുടക്കി അടിയന്തരമായി നവീകരിച്ചത്. റോഡിന്റെ നവീകരണ പുരോഗതി ആഴ്ചതോറും വിലയിരുത്തിയിരുന്നുവെന്നും മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. , ആന്റോ ആന്റണി എംപി, തോമസ് ചാഴികാടന് എംപി, വാഴൂര്‍ സോമന് എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ശ്രീകല, നഗരസഭാധ്യക്ഷ സുഹ്റ അബ്ദുള്‍ ഖാദര്‍, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എന്‍ജിനിയര്‍ അജിത്ത് രാമചന്ദ്രന്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസല്‍, പ്രഫ. ലോപ്പസ് മാത്യു, ജോയി ജോര്‍ജ്, രമാ മോഹന്‍, എം.ജി. ശേഖരന്, അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ്, അഡ്വ. സാജന് കുന്നത്ത്, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ വി.ആര്. വിമല തുടങ്ങിയവര്‍ പങ്കെടുത്തു.