സർക്കാർ ഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷശിഖരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ അധികൃതർക്ക് അലംഭാവം
1300694
Wednesday, June 7, 2023 12:15 AM IST
ചങ്ങനാശേരി: സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളില്‍ അപകടകരമായ സാഹചര്യത്തില്‍ നിലകൊള്ളുന്ന വൃക്ഷലതാദികള്‍ വെട്ടിമാറ്റണമെന്ന് ശഠിക്കുന്ന അധികാരികള്‍ തദ്ദേശസ്ഥാപന വളപ്പിലും സര്‍ക്കാര്‍ സ്കൂള്‍ കാമ്പസുകളിലും പൊതുസ്ഥാപന പരിസരങ്ങളിലും റോഡിന്റെ വശങ്ങളിലും അപകടകരമായി നിലകൊള്ളുന്ന വൃക്ഷശിഖരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപം.
മഴക്കാലത്തുണ്ടാകാവുന്ന അപകടസാധ്യതകള്‍ മുന്നില്‍കണ്ട് ഇത്തരം മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാനുള്ള നടപടികളുണ്ടായിട്ടില്ല. അധികാരികളുടെ നിസംഗത കൂടുതല്‍ ആപത്തുകളും നാശനഷ്ടങ്ങളും വിളിച്ചുവരുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചങ്ങനാശരി വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍, പൂവത്തുംമൂട്, പെരുമ്പനച്ചി, വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍, പാറേല്പള്ളിക്കും റെയില്‍വേ മേല്പ്പാലത്തിനുമിടയിലുള്ള ഭാഗം, ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ മേല്‍പ്പാലം മുതല്‍ പാലാത്ര ജംഗ്ഷന്‍വരെയുള്ള ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് കൂറ്റന്‍ മരച്ചില്ലകള്‍ അപകടാവസ്ഥയില്‍ നിലകൊള്ളുന്നത്. പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസിന്റെ വിവിധ സ്ഥലങ്ങളിലും ചില മരങ്ങള്‍ അപകടാവസ്ഥയില്‍ നില്ക്കുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചങ്ങനാശേരി റവന്യു ടവർ പരിസരങ്ങളിലും പുതിയ കെട്ടിടനിര്‍മാണം നടക്കുന്ന എക്സൈസ് ഓഫീസ് പരിസരത്തും അപകടസാധ്യതയുള്ള മരങ്ങള്‍ നിലകൊള്ളുന്നുണ്ട്.
ചില വൃക്ഷശിഖരങ്ങള്‍ വൈദ്യുതി കമ്പികളുടെ ഇടയിലേക്ക് വളര്‍ന്ന് പന്തലിച്ചത് അപകടങ്ങള്‍ക്കും ഒപ്പം വൈദ്യുതി തടസപ്പെടുന്നതിനും കാരണമാകുന്നുണ്ട്. അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികാരികളുടെ അനുമതി വൈകുന്നതും ഇതിന് ആവശ്യമായ പണം യഥാസമയം അനുവദിക്കാത്തതും പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അപകാവസ്ഥയിലായ മരങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ സോഷ്യല്‍ ഓഡിറ്റ് നടത്തി സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.