മാലിന്യവാഹിനിയായി ഓടകൾ
1300692
Wednesday, June 7, 2023 12:15 AM IST
ചങ്ങനാശേരി: വീണ്ടുമൊരു പരിസ്ഥിതിദിനംകൂടി ആഘോഷമായി കടന്നുപോയി. എന്നാല്‍ കുറിച്ചി പഞ്ചായത്തിലെ മലകുന്നം ഭാഗത്ത് ഓടയിലൂടെ ഒഴുകിവരുന്നത് കെട്ടുകണക്കിന് മാലിന്യമാണ്. കഴിഞ്ഞ ഏഴുവർഷത്തിലധികമായാണ് റോഡിലൂടെ മാലിന്യം ഒഴുകിവരുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളടക്കം നാട്ടുകാര്കാര് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യത്തിൽ ചവിട്ടി നടക്കേണ്ട അവസ്ഥയാണ്. മഴ പെയ്യാന്തുടങ്ങിയതോടെ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. കുറിച്ചി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ കാഞ്ഞിരത്തുംമൂട്-വില്ലേജ്പടി റോഡരുകില്‍ താമസിക്കുന്ന ഇരുനൂറോളം വീട്ടുകാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നാട്ടുകാര്‍ പറയുന്നതിങ്ങനെ: മലകുന്നം-തുരുത്തി റോഡില്‍ കലുങ്കിനടിയില്‍ തള്ളുന്ന മാലിന്യമാണ് ഓടവഴി ഈ റോഡിലേക്ക് എത്തുന്നത്. ഡയപ്പറുകൾ, പ്ലാസ്റ്റിക് മാലിന്യം, മദ്യക്കുപ്പികള്‍, പഴയ തുണിക്കെട്ടുകള്‍ തുടങ്ങിയവയാണ് നിര്‍ബാധം ഒഴുകിയെത്തുന്നത്. മഴപെയ്താല്‍ സ്ത്രീകളടക്കം നാട്ടുകാരിറങ്ങി മാലിന്യം റോഡരികിലേക്ക് നീക്കും. ഡയപ്പറുകളും മറ്റും ഉണക്കി കത്തിക്കും. റോഡിലെ മാലിന്യത്തിലൂടെ ഇറങ്ങി നടക്കുന്നതുമൂലം കുട്ടികളടക്കം ആളുകള്‍ക്ക് ചൊറിഞ്ഞുപൊട്ടുന്നതടക്കമുള്ള ത്വക്ക് രോഗങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും പടരുകയാണ്. കന്നുകാലി തൊഴുത്തിലെ ചാണകവും അവശിഷ്ടങ്ങളുംവരെ ഇതിലെ ഒഴുകി വരുന്നുണ്ട്. ഡയപ്പറിനുള്ളിലെ ജെല്ലി നിരന്നുകിടക്കുന്നത് റോഡിനെ ഏറെ മലീമസമാക്കുകയാണ്.
കുറിച്ചി പഞ്ചായത്ത് അധികൃതര്‍ക്ക് പലതവണ പരാതി നൽകിയെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ല. നാട്ടുകാര്‍ പണംസമാഹരിച്ച് സിസി ടിവി കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്നാണ് പഞ്ചായത്ത് അധികാരികള്‍ സ്ഥലത്തെത്തി നിര്‍ദേശം നല്‍കിയത്. പഞ്ചായത്ത് അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജില്ലാ കളക്ടര്‍, മനുഷ്യാവകാശ കമ്മീഷന്, തദ്ദേശവകുപ്പ് മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.