മാമ്പഴത്തിന്റെ മധുരമൂറുന്ന സ്നേഹക്കൂട്ടായ്മ
1300650
Tuesday, June 6, 2023 11:59 PM IST
കടുത്തുരുത്തി: തൊടിയിലെ തൈമാവിന്‍ ചോട്ടില്, ഒരു കൊച്ചു കാറ്റേറ്റു വീണ തേന്മാമ്പഴം... ഒരുമിച്ചു പങ്കിട്ട ബാല്യകാലം... എന്നവരികള് പോലെ... ബ്രഹ്മമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1981 എസ്എസ്എല്‍സി ബാച്ചിലെ സ്നേഹക്കൂട്ടായ്മയ്ക്ക് മാമ്പഴത്തിന്റെ മധുരം.
പിന്നിട്ട ബാല്യകാലത്തെ ഓര്‍മകളിലേക്ക് മടങ്ങി പോകുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ. ഗ്രൂപ്പംഗമായ സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് ആൻഡ് സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ അംഗം പി.എ. അഗസ്റ്റിന്റെ വടകരയിലുള്ള തൊടിയിലാണ് പൂര്‍വവിദ്യാര്‍ഥി യോഗം നടന്നത്.
സംഗമം നടന്ന സ്ഥലത്തോടു ചേര്‍ന്നുള്ള മാവില്‍നിന്നു പൊഴിയുന്ന മാമ്പഴം ശേഖരിക്കുന്നതും അവയെല്ലാം പങ്കുവച്ചു കഴിക്കുന്നതും 57 പിന്നിട്ടവര്‍ക്ക് വേറിട്ട ആഘോഷമായി. കുട്ടിക്കാലത്ത് പഠനോപകരണങ്ങളും വസ്ത്രങ്ങളും സുഖവും ദുഃഖവും സ്നേഹവും ഭക്ഷണവുമെല്ലാം പങ്കിട്ട് വളര്‍ന്നതിന്റെ ഒരോര്‍മപ്പെടുത്തലായി.
ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റനും നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടുമായ എസ്.എ. മധു, റിട്ട. എസ്ഐമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, വീട്ടമ്മമാര്‍, മറ്റു തൊഴിലാളികള്‍ തുടങ്ങി കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും വിവിധ മത്സരങ്ങളിലും ആഘോഷത്തിലും പങ്കെടുത്തു.
ഗ്രൂപ്പംഗമായ പത്മാ ഉദയന്‍ നിര്‍മിച്ച നായയുടെ കഥ പറയുന്ന നെയ്മര്‍ എന്ന സിനിമയും തലയോലപ്പറമ്പിലെ തീയറ്ററിലെത്തി എല്ലാവരും കണ്ടു.
രണ്ടുവര്‍ഷം മുമ്പാണ് വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചത്. നൂറോളം പേരാണ് ഇതിലുള്ളത്. നിരവധിപേര്‍ക്ക് കൂട്ടായ്മയിലെ പ്രവര്‍ത്തനം കൊണ്ട് സഹായങ്ങള്‍ നല്കാനുമായി. വജ്രജൂബിലിയുടെ നിറവില്‍ നില്ക്കുന്ന സ്കൂളിലെ മുഴുവന്‍ പൂര്‍വവിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ചു മെഗാ സംഗമം നടത്താനുള്ള തയാറെടുപ്പിലാണ് 1981 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ.