മീൻ കറി കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേർക്കു ഭക്ഷ്യവിഷബാധ
1300649
Tuesday, June 6, 2023 11:59 PM IST
അയ്മനം: മീൻ കറി കഴിച്ചതിനെത്തുടർന്ന് അയ്മനത്ത് ഒരുകുടുംബത്തിലെ അഞ്ചു പേർക്ക് വയറിളക്കവും ശർദിയും. ഇവർ കുഴഞ്ഞുവീണതിനെത്തുടർന്ന് മെഡിക്കൽ കോളജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
പൂന്ത്രക്കാവിന് സമീപം താമസിക്കുന്ന വട്ടക്കാട്ടിൽ മനോഹരൻ, ഭാര്യ ലാലി, മകൻ അരുണിന്റെ ഭാര്യ രമ്യ, കുട്ടി എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.
തിരുവാറ്റയിൽ പ്രവർത്തിക്കുന്ന കടയിൽനിന്നാണ് മീൻ വാങ്ങി പാചകം ചെയ്ത് ഭക്ഷിച്ചതെന്ന് അവർ പറഞ്ഞു. പഞ്ചായത്തംഗം ബിജു മാന്താറ്റിൽ അറിയിച്ചതിനെത്തുടർന്ന് തിരുവാറ്റായിൽ പ്രവർത്തിക്കുന്ന മത്സ്യക്കടയിൽ ഏറ്റുമാനൂർ ഫുഡ് സേഫ്റ്റി ഓഫീസറും സംഘവും പരിശോധന നടത്തി.
ഇവിടെനിന്നു ശേഖരിച്ച സാമ്പിളുകൾ പരിശോധന നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു.