ബാങ്ക് ശാഖ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു
1300646
Tuesday, June 6, 2023 11:59 PM IST
ഉദയനാപുരം: ഉദയനാപുരം നാനാടത്ത് പ്രവർത്തിക്കുന്ന കാനറാ ബാങ്കിന്റെ ശാഖ അടച്ചുപൂട്ടാനുള്ള അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനത്തിന്റെ ഭാഗമായാണ് ബാങ്കിന്റെ ശാഖ അടച്ചുപൂട്ടുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ബാങ്കിന്റെ ശാഖ പ്രവർത്തനം അവസാനിപ്പിക്കുന്നത് പ്രദേശത്തെ ജനങ്ങൾക്ക് വലിയ ദുരിതമാകും.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്. മാർച്ചും ധർണയും വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഗോപിനാഥൻ, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ടി. പ്രസാദ്, ശോഭിക, പി.ഡി. ജോർജ്, സജീവ്, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ സാബു പി. മണലൊടി ,വി. ബിൻസ്, വർഗീസ് എന്നിവർ പ്രസംഗിച്ചു.