ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് പാലം നിർമാണം അന്തിമഘട്ടത്തിൽ
1300644
Tuesday, June 6, 2023 11:59 PM IST
വൈക്കം: ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത് നിവാസികളുടെ പാലത്തിനായുള്ള കാത്തിരിപ്പിനു വിരാമമാകുന്നു. സര്‍ക്കാര്‍ അനുവദിച്ച 8.60 കോടി രൂപ വിനിയോഗിച്ചുള്ള പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. അപ്രോച്ച് റോഡിന്റെ നിര്‍മാണംകൂടി പൂര്‍ത്തിയായാല്‍ പാലത്തിലൂടെ മറുകര കടക്കാം.
114.6 മീറ്റര്‍ നീളവും 6.50 മീറ്റര്‍ വീതിയിലുമായി ഏഴു സ്പാനോടുകൂടി നിര്‍മിക്കുന്ന പാലത്തിന് ഒൻപതു ഗര്‍ഡര്‍ ബീമുകളും 24 പൈലുകളുമാണ് പൊതുമരാമത്ത് വകുപ്പ് വിഭാവനം ചെയ്തത്. അപ്രോച്ച് റോഡിനായി ചെമ്പ് വില്ലേജിലെ 5.21 ആര് വസ്തു ഏറ്റെടുക്കേണ്ടതുണ്ട്. അതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൊച്ചി ആസ്ഥാനമായുള്ള സൈമ ഡൈനാമിക്സ് എന്ന കമ്പനിയാണ് പാലം നിർമാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചെമ്പ് പഞ്ചായത്തിന്റെ കാട്ടിക്കുന്ന് തുരുത്തിലേക്ക് പാലം വേണമെന്ന തുരുത്ത് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണിപ്പോൾ യാഥാർഥ്യമാകുന്നത്. ചെമ്പ് പഞ്ചായത്തിലെ 15-ാം വാര്‍ഡിലാണ് 300 ഏക്കർ വിസ്തൃതിയുള്ള കാട്ടിക്കുന്ന് തുരുത്ത് സ്ഥിതി ചെയ്യുന്നത്. തുരുത്തിലെ നിര്‍ധന കുടുംബങ്ങളിലെ 600ഓളം പേര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കടത്തുവള്ളങ്ങള്‍ മാത്രമാണ് ആശ്രയം.
തുരുത്ത് നിവാസികള്‍ അനുഭവിക്കുന്ന യാത്രാദുരതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സി.കെ. ആശ എംഎല്‍എ നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ 2019-20ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മാണത്തിന് തുക അനുവദിച്ചത്. 2020 ഡിസംബര്‍ 31നാണ് പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചത്.
തുടര്‍ന്ന് സാങ്കേതികാനുമതിയും നേടി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 2022 ഏപ്രില്‍ 28ന് മന്ത്രി മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്. പാലം പൂര്‍ത്തിയാവുന്നതോടെ വെള്ളത്താല്‍ ചുറ്റപ്പെട്ട കാട്ടിക്കുന്ന് തുരുത്തില് കഴിയുന്ന 125ഓളം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു.