കണമല സംഭവം: നിയമസഭ ചേരണമെന്ന് സി.പി. ജോൺ
1300569
Tuesday, June 6, 2023 10:36 PM IST
കണമല: 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുന്നതിന് അടിയന്തര നിയമസഭാ സമ്മേളനം ചേരണമെന്ന് ഇന്നലെ കണമലയിൽ സന്ദർശനം നടത്തിയ യുഡിഎഫ് സംസ്ഥാന സമിതി സെക്രട്ടറി സി.പി. ജോൺ ആവശ്യപ്പെട്ടു. കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന തരത്തിൽ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേതഗതി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. ഒപ്പം അടിയന്തര നിയമസഭ സമ്മേളനം ചേരണം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട കർഷക കുടുംബങ്ങൾക്ക് സർക്കാർ 50 ലക്ഷം രൂപയും ഒരു അംഗത്തിന് സർക്കാർ ജോലിയും നൽകണം. വനാതിർത്തിയിലെ കൃഷികൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തണം. കർഷകരുടെ പ്രശനങ്ങൾ പഠിക്കാനും പരിഹാരം കാണുവാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാകണം. ബഫർ സോൺ ഭൂപടത്തിൽ എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ വനമായി രേഖപ്പെടുത്തിയിരിക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണമല സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, എയ്ഞ്ചൽ വാലി സെന്റ് മേരീസ് പളളി വികാരി ഫാ. ജയിംസ് കൊല്ലംപറന്പിൽ എന്നിവരെ സി.പി. ജോൺ സന്ദർശിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, നേതാക്കളായ എൻ.ഐ. മത്തായി, സുരേഷ് ബാബു, പി.സി. ഉലഹന്നാൻ, പഞ്ചായത്ത് മെംബർമാരായ മാത്യു ജോസഫ്, മറിയാമ്മ ജോസഫ്, ബഫർ സോൺ വിരുദ്ധ സമരസമതി ചെയർമാൻ പി.ജെ. സെബാസ്റ്റ്യൻ, ഷൈൻ ആരീപ്പുറത്ത്, ബിജു കായപ്ലാക്കൽ, തോമസ് പതിപ്പള്ളിൽ എന്നിവരുൾപ്പടെ കർഷക പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.