വിത്തുകുട്ടയൊരുക്കി അരുവിത്തുറ സെന്റ് ജോർജ് കോളജ്
1300566
Tuesday, June 6, 2023 10:36 PM IST
അരുവിത്തുറ: ജൈവവൈവിധ്യം സംരക്ഷിക്കുക, പ്രാദേശിക ഭക്ഷണ വൈവിധ്യം നിലനിർത്തി ഭക്ഷ്യ സുഭിക്ഷത ഒരുക്കുക, വിഷരഹിതമായ ആഹാരത്തിലൂടെ ആരോഗ്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ വിത്തുകുട്ട സംഘടിപ്പിച്ചു.
കോളജ് ഐക്യുഎസിയുടെ അഭിമുഖ്യത്തിൽ പൂഞ്ഞാർ ഭൂമിക, കോളജ് എൻഎസ്എസ്, എൻസിസി, ഭൂമിത്രസേന എന്നീ സംഘടനകളുടെ സഹകരണത്തോടെയാണു വിത്തുകുട്ട സംഘടിപ്പിച്ചത്. വിദ്യാർഥികൾ ശേഖരിച്ച നൂറിൽപ്പരം പ്രദേശിക വിത്തുകളുടെ പ്രദർശനവും കൈമാറ്റവും നടന്നു.
പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി ജനറൽ സെക്രട്ടറി വ്യക്ഷവൈദ്യൻ കെ. ബിനു, കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫിനു വിത്ത് കൈമാറി നിർവഹിച്ചു. കോളജ് ബർസാറും കോഴ്സ് കോ-ഓർഡിനേറ്ററുമായ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഡോ. സുമേഷ് ജോർജ്, മിഥുൻ ജോൺ, ഡോ. ഡെന്നി തോമസ്, മരിയ ജോസ്, ഡോ. ലൈജു വർഗീസ്, പരിസ്ഥിതി പ്രവർത്തകൻ എബി പൂണ്ടിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.