നാഷണല്‍ ലെവല്‍ ഹാക്കത്തോൺ: പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജിന് ഒന്നാം സ്ഥാനം
1300563
Tuesday, June 6, 2023 10:36 PM IST
പാലാ: എംജി യൂണിവേഴ്സിറ്റിയുടെ ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്ററും വീകെയര്‍ സെന്റര്‍ കാഞ്ഞിരപ്പള്ളിയും സംയുക്തമായി നടത്തിയ നാഷണല്‍ ലെവല്‍ ഐഡിഡി പ്രോജക്ട് ഹാക്കത്തോണില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം നേടി. എണ്‍പതിൽപ്പരം ടീമുകള്‍ ഒന്നാം റൗണ്ടില്‍ മത്സരിച്ചതില്നിന്നു മികച്ച ഐഡിയയായി കോളജിന്റെ പ്രോജക്ടിനെ തെരഞ്ഞെടുക്കുകയായിരുന്നു. 75,000 രൂപയുടെ കാഷ് പ്രൈസാണ് സമ്മാനമായി ലഭിച്ചത്. അതോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ ഭാവിയില്‍ ഇതിനെ കൂടുതല്‍ ഫലപ്രദമായ ഒരു പ്രൊഡക്ടാക്കി മാറ്റാനുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്നും അറിയിച്ചു.
അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എൻജിനിയറിംഗ് വിദ്യാര്‍ഥികളായ അന്ന തോമസ്, അനിറ്റ ഇമ്മാനുവൽ, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയായ എസ്തര് തങ്കം മാത്യു, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ വിദ്യാര്‍ഥിയായ നോയല്‍ തോമസ് എന്നിവരാണ് ടീമംഗങ്ങള്‍. കോളജിലെ സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ചിന്റെ കീഴിലായിരുന്നു പ്രോജക്ട് ഡെവലപ്മെന്റ് നടന്നത്. റിസര്‍ച്ച് മേധാവിയായിരുന്ന ഡോ. രാജേഷ് ബേബി, അസിസ്റ്റന്റ് പ്രഫസർമാരായ ആഷ്ലി തോമസ്, സഞ്ജു സെബാസ്റ്റ്യന്‍, രശ്മി അന്നമ്മ ജോര്‍ജ് എന്നിവരാണ് ഇവരുടെ പ്രോജക്ട് ഗൈഡുമാര്‍. ഡൗണ്‍ സിന്‍ഡ്രോം അവസ്ഥ ബാധിക്കപ്പെട്ട ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് എളുപ്പത്തിലും ഇഷ്ടപ്പെട്ടുമുള്ള അക്ഷരങ്ങളും നമ്പറുകളും വാക്കുകളും വസ്തുക്കളും പഠിക്കാന്‍ പറ്റുന്ന, അവരുടെ അഭിരുചിക്ക് അനുസൃതമായി ഓക്സിലിയ എന്ന പേരില്‍ ഒരു പ്രത്യേക തരം സ്മാര്‍ട്ട് ഗാഡ്ജറ്റാണ് ഇവര്‍ ഡിസൈന്‍ ചെയ്തത്. വിവരശേഖരണത്തിനും മറ്റുമായി അന്തീനാട് ശാന്തിനിലയം സ്പെഷല്‍ സ്കൂളാണ് ഇവര്‍ തെരഞ്ഞെടുത്തിരുന്നത്.
അഭിമാനര്‍ഹമായ നേട്ടം കൈവരിച്ച വിദ്യാർഥികളെ കോളജ് ചെയർമാൻ മോൺ. ജോസഫ് മലേപ്പറന്പിൽ, മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. മധുകുമാര്‍ എന്നിവർ അനുമോദിച്ചു.