ദേവമാത കോളജിന് സീറോ വെയ്സ്റ്റ് കാമ്പസ് പദവി
1300561
Tuesday, June 6, 2023 10:36 PM IST
കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്തിലെ പ്രഥമ സീറോ വെയ്സ്റ്റ് കാമ്പസായി ദേവമാത കോളജിനെ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പഞ്ചായത്തിന്റെ സാക്ഷ്യപത്രം പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യുവിന് പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. ബോട്ടണി വിഭാഗത്തിന്റെ പരിസ്ഥിതി ദിനാചരണത്തിലായിരുന്നു പ്രഖ്യാപനം.
ദേവമാത കോളജിന്റെ ഹരിതസംരംഭങ്ങളും മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്കരണസംവിധാനവും കണക്കിലെടുത്താണ് സീറോ വെയ്സ്റ്റ് കാമ്പസായി പ്രഖ്യാപിക്കുന്നതെന്ന് സാക്ഷ്യപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോളജിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അരയേക്കര്‍ സ്ഥലത്ത് ഫലവൃക്ഷത്തൈകളുടെ പരിപാലനം ആരംഭിച്ചു. ആദ്യ തൈ കോളജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ നട്ടു. 50 തൈകള്‍ നട്ട് മൂന്നു വര്‍ഷത്തേക്ക് പരിപാലിക്കുംവിധമാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്.
പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അസി. പ്രഫ. റെനീഷ് തോമസ്, ഡോ. ആന്‍സി സെബാസ്റ്റ്യന്‍, എന്‍സിസി ഓഫീസര്‍ ഡോ. സതീഷ് തോമസ്, ഡോ. അനീസ് മാത്യു, വോളന്റിയര്‍ സെക്രട്ടറിമാരായ വിവേക് വി. നായര്‍, ആര്‍ഷ സിബി എന്നിവര്‍ പ്രസംഗിച്ചു.