മണിപ്പൂരിന്റെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ നിര്‍വഹിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1300559
Tuesday, June 6, 2023 10:34 PM IST
പാലാ: അക്രമണങ്ങളില്‍ തകര്‍ന്ന മണിപ്പൂരിന്റെ പുനര്‍നിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍വഹിക്കാന്‍ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത നേതൃസമ്മേളനം ആവശ്യപ്പെട്ടു.
പൊതുസ്ഥാപനങ്ങളും റോഡുകളും മാത്രം പുനര്‍നിര്‍മിച്ചു മണിപ്പൂരിന്റെ മുറിവ് ഉണക്കാന്‍ സാധിക്കില്ല. വീടുകളും ആരാധനാലയങ്ങളും വിശ്വാസ പരിശീലനകേന്ദ്രങ്ങളും പുനര്‍നിര്‍മിച്ച് നല്കാന് അധികൃതര്‍ തയാറാകണം. ഭൂമിയും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍ക്കു കൂടി സാമ്പത്തിക സഹായം നല്കി ജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പു വരുത്തണം. ആക്രമണങ്ങളില്‍ ഭയന്ന് പലായനം ചെയ്ത ജനങ്ങളെ തിരികെയെത്തിച്ച് പുനരധിവസിപ്പിക്കാന്‍ തയാറാകണം. നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ തീവ്രവാദികളായി മുദ്രകുത്തി ഇല്ലായ്മചെയ്യാതെ എല്ലാ ജനവിഭാഗത്തിനും തുല്യ നീതി ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, സാജു അലക്സ്, സി.എം. ജോര്‍ജ്, ബേബി ആലുങ്കല്‍, ഫ്രാന്‍സിസ് കരിമ്പാനി, ജോസ് ജോസഫ് മലയില്‍, സിന്ധു ജയ്ബു, ബല്ലാ സിബി, ജയിംസ് കുറ്റിക്കോട്ടയില്‍, തോമസ് അരീകൊഴുപ്പില്, സി.എം. ജോസഫ്, ജോസ് അമ്പാട്ട്, ജോര്‍ജ് തൊടുവനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.