പാലാ ജനറല്‍ ആശുപത്രിയിൽ സുരക്ഷാ ഓഡിറ്റിംഗ്
1300558
Tuesday, June 6, 2023 10:34 PM IST
പാലാ: കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറല്‍ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു പാലാ ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ സുരക്ഷാ ഓഡിറ്റ് നടത്തി. കൊട്ടാരക്കര ആശുപത്രിയില്‍ ഡോക്ടറുടെ മരണത്തില്‍ കലാശിച്ച അക്രമത്തെത്തുടര്‍ന്നാണ് ആശുപത്രികള്‍ക്കു കൂടുതല്‍ സുരക്ഷ ഒരുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
റിപ്പോർട്ട് ഉടൻ
റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നു ഡിവൈഎസ്പി അറിയിച്ചു. ഹൈവേ പട്രോളിംഗിനൊപ്പം ആശുപത്രി കോമ്പൗണ്ടിലും വിവിധ സമയങ്ങളില്‍ പട്രോളിംഗ് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കൂടുതല്‍ പ്രാവശ്യം പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ കടന്നു കൂടുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകും. നിലവിലുള്ള കാഷ്വാലിറ്റിയോടു ചേര്‍ന്നു പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കാൻ അനുമതി ആവശ്യപ്പെടും.
കൂടുതൽ കാമറ
നിലവിലുള്ളതിനു പുറമെ കൂടുതല്‍ ആധുനിക നിരീക്ഷണ കാമറകള്‍കൂടി ആശുപത്രിക്കുള്ളിലും എല്ലാ പ്രവേശന കവാടങ്ങളിലും സ്ഥാപിക്കണമെന്നു പോലീസ് അഭ്യര്‍ഥിച്ചു. നഗരസഭ ഇതിനായി പ്രോജക്ട് അനുവദിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എസ്എച്ച്ഒ കെ.പി. തോംസണ്‍, ലേ സെക്രട്ടറി അബ്ദുള്‍ റഷീദ്, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കൗണ്‍സിലര്‍ ബിജി ജോജോ, ജയ്സണ്‍ മാന്തോട്ടം, പിആര്‍ഒ കെ.എച്ച്. ഷെമി, ഹെഡ് നഴ്സ് ദീപക്കുട്ടി തോമസ് എന്നിവരും പങ്കെടുത്തു.