അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപലപനീയം: സംയുക്ത യോഗം
1300554
Tuesday, June 6, 2023 10:34 PM IST
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ജ്യോതി കോളജിലെ ശ്രദ്ധ സതീഷെന്ന വിദ്യാർഥിനിയുടെ മരണത്തില്‍ അനുശോചിക്കുകയും കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതയിലെ സംഘടനകളുടെ സംയുക്ത യോഗം. അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പ് കെട്ടുകഥകള്‍ മെനഞ്ഞ് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം രാഷ്ട്ര നിയമങ്ങളെ ആദരിക്കുന്ന ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല.
ശ്രദ്ധയുടെ ജീവഹാനിയെത്തുടര്ന്ന് കൂവപ്പള്ളി അമല്‍ജ്യോതി കോളജില്‍ നടത്തപ്പെടുന്ന സംഘടിത ആക്രമണത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസരംഗത്തു മികച്ച സംഭാവനകള്‍ നല്കുന്ന കോളജിനെ അപകീര്‍ത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമായി അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണ്.
വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടു കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാന്‍ എല്ലാവിധത്തിലും സഹകരിച്ചു ശ്രമിക്കുന്ന മാനേജ്മെന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനു ചില തല്പരകക്ഷികള് ബോധപൂര്‍വം ശ്രമിക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അക്കാദമിക നിയമങ്ങള്‍ക്കനുസരിച്ച് അച്ചടക്കത്തോടെ മുന്നോട്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ തകര്‍ക്കാനുള്ള സംഘടിത നീക്കം പൊതുസമൂഹം തിരിച്ചറിയും. വിദ്യാഭ്യാസരംഗത്ത് അതുല്യ സംഭാവനകള്‍ നല്കുന്ന ക്രൈസ്തവസമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചു നിശബ്ദരാക്കാനാവില്ല.
ചില ഗൂഢ സംഘങ്ങളുടെ ചട്ടുകങ്ങളായി വിദ്യാര്‍ഥിസംഘടനകള്‍ മാറരുതെന്നും കോളജ് മാനേജ്മെന്റിന്റെയും അധ്യാപക-വിദ്യാര്‍ഥി സമൂഹത്തിന്റെയും മനോവീര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും യോഗം ഓര്‍മിപ്പിച്ചു.
രൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ രൂപത എകെസിസി പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് പ്രഫ. സാജു എബ്രാഹം കൊച്ചുവീട്ടില്‍, മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി പൊടിമറ്റത്തില്‍, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ രൂപതയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പ്രസംഗിച്ചു.