കോട്ടയം കാർഷികമേളയ്ക്ക് നാളെ തുടക്കം
1300552
Tuesday, June 6, 2023 10:34 PM IST
കോട്ടയം: ദേശീയ കർഷക ഫെഡറേഷൻ സംഘടിപ്പിക്കുന്ന ത്രിദിന കാർഷികമേള നാളെ കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിക്കും. കാർഷിക സർവകലാശാലയിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, വിജയിച്ച കാർഷിക സംരംഭങ്ങൾ, നൂതന പദ്ധതികൾ, കാർഷിക യന്ത്രങ്ങൾ ഇവയുടെ പ്രദർശനമാണ് മേളയുടെ പ്രത്യേകത.
വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള സെമിനാർ സെഷനുകൾ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ടെസ്റ്റിംഗ് ലാബിൽ കുടിവെള്ളം, ഭക്ഷണ പാനീയങ്ങൾ, വെളിച്ചെണ്ണ തുടങ്ങിയവ സൗജന്യമായ പരിശോധിക്കാൻ സൗകര്യമുണ്ടാവും.
കാർഷിക അടിസ്ഥാന സൗകര്യ നിധി സേവനം, ഫാർമർ പ്രൊഡ്യൂസർ കമ്പനി - എഫ്പിഒ സംരംഭങ്ങളുടെ സാധ്യതകൾ തുടങ്ങിയവയുമുണ്ട്.
വിത്തുകളും നടീൽ വസ്തുക്കളും പൂച്ചെടികളും ഫലവൃക്ഷത്തൈകളും വില്പനയ്ക്കുണ്ടാവും. ആധുനിക കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും ആസ്വാദ്യകരമായ ഭക്ഷ്യവിഭവങ്ങളും ആധുനിക കാർഷിക സങ്കേതങ്ങൾ, സംരംഭങ്ങൾ, കാർഷിക മേഖലയിലെ സർക്കാർ സേവനങ്ങൾ തുടങ്ങിയവ മേളയുടെ ഭാഗമാവും. കാർഷിക പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയുമുണ്ടാവും.