എല്ലാവരെയും ചിരിപ്പിച്ച സുധി കരയിച്ചു മടങ്ങി
1300551
Tuesday, June 6, 2023 10:34 PM IST
വാകത്താനം: എല്ലാവരെയും ചിരിപ്പിച്ച സുധി ഇന്നലെ എല്ലാവരെയും കരയിപ്പിച്ചു. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ആയുസു മുഴുവന്‍ നീക്കിവച്ച കൊല്ലം സുധിക്കു കലാകേരളം കണ്ണീരോടെ വിടയേകി. വാകത്താനം പൊങ്ങന്താനത്തെ വാടകവീട്ടിലും സ്കൂളിലും പാരീഷ് ഹാളിലുമായി നടന്ന പൊതുദര്ശനത്തില് ആയിരങ്ങളാണു വിങ്ങുന്ന ഹൃദയത്തോടെ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കണ്ണീര്‍മഴയുടെ അകമ്പടിയില്‍ ഒടുവില്‍ തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍ അന്ത്യനിദ്ര.
തേങ്ങലോടെ സുഹൃത്തുക്കൾ
കൊല്ലത്തുനിന്നു പുലര്‍ച്ചയോടെ പൊങ്ങന്താനത്തെ വീട്ടിലെത്തിച്ചപ്പോഴേക്കും ഭാര്യ രേണു ഇളയമകന് ഋതുലിനെയും മാറോടടക്കി അലറിക്കരഞ്ഞു. മരിക്കുന്നതിനു മണിക്കൂർ മുന്നേയും വീഡിയോ കോള്‍ വിളിച്ചതും ഋതുലിന്റെ പല്ലുവേദനയെപ്പറ്റി പറഞ്ഞും രേണു ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഹൃദയം നുറുങ്ങും വേദനയില്‍ മൃതദേഹത്തിനരികില്‍ കരഞ്ഞു തളര്‍ന്നിരുന്ന രേണുവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍ താങ്ങിയെടുത്തു. അപ്പോഴും നിറകണ്ണുകളോടെ മൂത്തമകന് രാഹുല്‍ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.
ചിരിയകലത്തിലുണ്ടായിരുന്ന പ്രിയകൂട്ടുകാരന്റെ ചേതനയറ്റ ശരീരത്തിനരികെ സുഹൃത്തുക്കള്‍ തേങ്ങലോടെ നിന്നു.
സുധി അംഗമായിരുന്ന സ്റ്റാര്‍ മാജിക് പരിപാടിയിലെ സഹപ്രവര്‍ത്തകരെല്ലാം വിങ്ങിപ്പൊട്ടി. മിമിക്രി താരങ്ങളായ കലാഭവന്‍ പ്രജോദ്, പാഷാണം ഷാജി, സ്റ്റാര്‍ മാജിക് താരം റിയാസ് കരിം, ബിനീഷ് ബാസ്റ്റിന്, തങ്കച്ചന് വിതുര, ലക്ഷ്മി നക്ഷത്ര, ശ്രീവിദ്യ മുല്ലശേരി, ഐശ്വര്യ രാജീവ് എന്നിവര്‍ നിറകണ്ണുകളോടെയാണ് തങ്ങളുടെ പ്രിയ സുഹൃത്തിനെ യാത്രയാക്കാനെത്തിയത്. തോട്ടയ്ക്കാട് പള്ളിയിലേ സെമിത്തേരിയിലേക്കു സുധിയുടെ മൃതദേഹം സഹപ്രവര്‍ത്തകരാണു ചുമലിലേറ്റിയത്.
സഹകലാകാരന്മാര്‍, രാഷ്ട്രീയക്കാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സാധാരണക്കാര്‍ അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവരെല്ലാം സുധിയോടുള്ള സ്നേഹാദരവ് അവസാനമായി നല്‍കാനെത്തി. വീട്ടിലും പൊങ്ങന്താനം സ്കൂളിലും പഞ്ചായത്ത് ഓഡിറ്റോറിയത്തിലും ഒടുവില്‍ പള്ളിയിലുമൊക്കെ നിറഞ്ഞൊഴുകിയ ജനസമുദ്രം കൊല്ലം സുധിയെന്ന സാധാരണ കലാകാരന് എത്രത്തോളം ജനമനസില്‍ ഇടംപിടിച്ചിരുന്നതിന്റെ തെളിവായിരുന്നു.
മന്ത്രി വി.എന്‍. വാസവന്, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, സുധിയുടെ സുഹൃത്തുക്കൾ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടി മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ ജോഷി ഫിലിപ്പ് അന്തിമോപചാരം അര്‍പ്പിച്ചു.