കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്കിയ വിദ്യാര്‍ഥിക്ക് അനുമോദനം
1300491
Tuesday, June 6, 2023 12:32 AM IST
പെരുവ: കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്കിയ എല്‍പി സ്കൂള്‍ വിദ്യാര്‍ഥിക്ക് എംഎല്‍എയുടെ കാഷ് അവാര്‍ഡും അനുമോദനവും. മാസങ്ങള്‍ക്ക് മുമ്പ് സ്കൂളിലെ പാര്‍ക്കില്‍ കളഞ്ഞു പോയ സ്വര്‍ണമാലയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥിക്ക് കിട്ടിയത്. ഉടന്‍തന്നെ കുട്ടി അധ്യാപകര്‍ക്കു മാല കൈമാറി. പെരുവ ഗവ. എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ വൈഷ്ണവ് മനോജിനാണ് മാല കിട്ടിയത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ വൈഷ്ണവിന് പിടിഎയുടെ ഉപഹാരവും മുളക്കുളം പഞ്ചായത്തിന്റെ അനുമോദനവും എംഎല്‍എയുടെ കാഷ് അവാര്‍ഡും കൈമാറി.
കഴിഞ്ഞ മാര്‍ച്ച് മാസം നടന്ന സ്കൂള്‍ വാര്‍ഷികത്തിനിടെയാണ് മാല നഷടപ്പെട്ടത്. സ്കൂളിലെ പിടിഎ വൈസ് പ്രസിഡന്റായ കുറിച്ചിത്തടത്തില് ഷിജുവിന്റെ സഹോദരി ഷീനയുടെ മാലയാണ് നഷ്ടപെട്ടത്. വൈഷ്ണവും കൂട്ടുകാരും കളിച്ചു കൊണ്ടിരുന്നപ്പോഴാണ് പാര്‍ക്കില്‍നിന്നും മാല ലഭിച്ചത്. തുടര്‍ന്ന് വൈഷ്ണവ് അധ്യാപികയായ പ്രീതിയെ മാല ഏല്‍പ്പിക്കുകയായിരുന്നു.
സ്കൂളില്‍ നടന്ന യോഗത്തില്‍ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, വൈസ് പ്രസിഡന്റ് ഷീല ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര്. സജീവന്, ബ്ലോക്ക് പഞ്ചായത്തംഗം സുബിന് മാത്യു, സ്കൂള്‍ എച്ച്എം കെ.എന്‍. ശോഭന, ടോണി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.