ചെമ്മനാകരിയിൽ കുടിവെള്ളക്ഷാമം രൂക്ഷം
1300490
Tuesday, June 6, 2023 12:32 AM IST
വൈക്കം: കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായി ചെമ്മനാകരി നിവാസികൾ. മറവൻതുരുത്ത് പഞ്ചായത്തിലെ 15-ാം വാർഡായ ചെമ്മനാകരിയിലാണ് രണ്ടാഴ്ചയായി കുടിവെളളം ലഭിക്കാത്തത്. കുടിവെള്ളം ലഭിക്കാത്തതിനാൽ ഭക്ഷണം സമയത്ത് തയാറാക്കാൻ കഴിയാത്തതിനാൽ വിദ്യാർഥികളെ സ്കൂളിലയക്കാൻ പല കുടുംബങ്ങൾക്കും കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മറവൻതുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ ചെമ്മനാകരി വേമ്പനാട് കായലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. തോടുകളിലും കുളങ്ങളിലുമൊക്കെ ഓരു കലർന്നതിനാൽ ഗാർഹികാവശ്യങ്ങൾക്ക് വാട്ടർ അഥോറിറ്റിയുടെ വെള്ളമാണ് ഏകാശ്രയം.
ആഴ്ചയിൽ രണ്ടു ദിവസം പൊതു ടാപ്പിലൂടെ ലഭിക്കുന്ന ശുദ്ധജലം ശേഖരിച്ച് വച്ചാണ് ഈ ഗ്രാമവാസികളുടെ ദൈന്യംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈനിൽ വെള്ളമെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ചില വീടുകളിലുള്ളവർ ഭക്ഷണം ഉണ്ടാക്കാൻ കഴിയാതെ ഹോട്ടലിൽനിന്നു ഭക്ഷണം വാങ്ങി കഴിക്കുകയാണ്.
ഒരു മാസം മുമ്പ് വെള്ളം ലഭിക്കാതിരുന്നതിനെ തുടർന്ന് ഗ്രാമവാസികൾ വൈക്കം ജല അഥോറിറ്റി ഓഫീസിന് മുമ്പിൽ സമരം ചെയ്തു. സമരത്തെ തുടർന്ന് പിറ്റേ ദിവസം മുതൽ വെള്ളം ലഭിച്ചിരുന്നു.
കുടിവെള്ള വിതരണം കാര്യക്ഷമാക്കാൻ അധികൃതർ നടപടി ശക്തമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.