കുമരകം ബസ് ബേയിലെ ടോയ്ലറ്റ് നിർമാണത്തിൽ അപാകതയെന്ന്
1300486
Tuesday, June 6, 2023 12:30 AM IST
കുമരകം: കുമരകം പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ്ബേയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പൊതു ടോയ്ലറ്റ് നിർമാണത്തിൽ അപാകതയെന്ന് ആരോപണം.
സ്ഥലത്തിന് അനുയോജ്യമല്ലാത്ത രീതിയിലും മുൻപോട്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്ന രീതിയിലും ദീർഘവീഷണം ഇല്ലാതെയുമാണ് കംഫോർട്ട് സ്റ്റേഷന്റെ പ്ലാൻ തയാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം.
ഇപ്പോൾ ഉള്ള നിർമാണം നിർത്തി വയ്ക്കണമെന്നും നിലവിലെ സ്ഥലത്തിന് അനുയോജ്യമായിട്ടുള്ള രീതിയിൽ പ്ലാനിൽ രൂപമാറ്റം വരുത്തി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് അംഗങ്ങൾ പരാതി നൽകി.
ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ മുടക്കിയാണ് ബസ് ബേയിൽ കംഫേർട്ട് സ്റ്റേഷൻ നിർമിക്കുന്നത്. ഇപ്പോൾ ആരംഭിച്ച രീതിയിൽ നിർമാണം നടത്തിയാൽ ബസ്ബേയിൽ ബസ് കയറുവാനുള്ള രീതിക്ക് തടസം ഉണ്ടാവുകയും ടോയ്ലറ്റിന് തെക്ക് ഭാഗത്തായി വരുന്ന ബാക്കി സ്ഥലത്ത് അനുബന്ധ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകും. വിഷയം നിരവധി കമ്മിറ്റികളിൽ അവതരിപ്പിച്ചെ ങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പരാതി ഉന്നയിക്കുന്നതെന്ന് അംഗങ്ങൾ പറഞ്ഞു.
2021ലാണ് ബസ്ബേക്ക് കുമരകം ചന്തക്കവലയ്ക്കു സമീപം റോഡിനോട് ചേർന്ന് സ്ഥലം വാങ്ങിയത്. തുടർ വർഷം തന്നെ നിലവിലെ സ്ഥലം പൂർണമായും പ്രയോജനപ്പെടുത്തി കംഫേർട്ട് സ്റ്റേഷൻ, ഇൻഫർമേഷൻ സെന്റർ, കുടുംബശ്രീ കഫേ, വെയിറ്റിംഗ് ഷെഡ്, ഫുഡ്പാത്ത് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിദഗ്ദ്ധ സമിതിയുടെ പ്ലാൻ അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന് 33 ലക്ഷം രൂപയുടെ തുടർപദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി വാർഷിക പദ്ധതിയിലും ഉൾക്കൊള്ളിച്ചിരുന്നതാണ്. ഇവയെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് ഇപ്പോഴുള്ള നിർമാണമെന്നാണ് വിശദീകരണം.