ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്കു വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു
1300483
Tuesday, June 6, 2023 12:30 AM IST
പാന്പാടി: പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന യാത്രാബസിനു മുകളിലേക്കു വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു. പാമ്പാടി-കൂരോപ്പട റോഡിൽ വൈകുന്നേരം ആറിനു കുന്നേൽ വളവിനു സമീപം കൊച്ചുവയലിൽപ്പടി ഭാഗത്താണ് അപകടം ഉണ്ടായത്. കോട്ടയം പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസിന് മുകളിലേക്കാണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണത്.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിർമാണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ പോസ്റ്റുകൾ ചെരിഞ്ഞ് ഈസമയം റോഡിലൂടെ വരികയായിരുന്ന ബസിനു മുകളിലേക്കു വീഴുകയായിരുന്നു. വൈദ്യുതി ലൈനുകൾ ഓഫ് ആയിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.
ഗതാഗതതടസം നേരിട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
റോഡിലെ തടസം മാറ്റാനുള്ള പ്രവർത്തനങ്ങൾ കെഎസ്ഇബി അധികൃതർ സ്വീകരിച്ചു.