സ്കൂട്ടറിൽ എത്തിയ യുവാവ് വയോധികയെ കൈയേറ്റം ചെയ്ത് മാലയുമായി രക്ഷപ്പെട്ടു
1300482
Tuesday, June 6, 2023 12:30 AM IST
കുമരകം: സ്കൂട്ടറിലെത്തിയ യുവാവ് വയോധികയെ കൈയേറ്റം ചെയ്തു മാലയുമായി കടന്നു. ഇന്ന് പുലർച്ചെ പാൽ വാങ്ങാൻ കവണാറ്റിൻകര പാലത്തിലൂടെ നടന്നുപോയ വിരിപ്പുകാല മറ്റത്തിൽ ലളിതയുടെ മാലയാണ് കവർന്നത്.
പുലർച്ചെ 5.30 ഓടെയാണ് സംഭവം. അച്ചിനകം ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് സന്ദീപ് എത്തിയാണ് വീട്ടമ്മയെ രക്ഷിച്ചത്. പിന്നിൽ നമ്പരില്ലാത്ത കറുത്ത ആക്ടീവ സ്കൂട്ടറിൽ കൈപ്പുഴമുട്ട് ഭാഗത്തുനിന്നെത്തിയ യുവാവാണ് തട്ടിപ്പു നടത്തിയത്. റോഡരികിലൂടെ പാൽ വാങ്ങാനുള്ള പാത്രവുമായി നടന്നു നീങ്ങിയ വയോധികയെ പിന്നിൽനിന്ന് സ്കൂട്ടറിലെത്തി തള്ളി വീഴ്ത്തുകയും മാല പിടിച്ചു പറിക്കുകയുമായിരുന്നു.
വീഴുന്നതിനിടയിൽ കവർച്ചക്കാരന്റെ കൈക്ക് വയോധിക കടിച്ചതാേടെ മാലയുടെ ഏതാനും ഭാഗം പൊട്ടി റോഡിൽ വീണു. ഈ സമയം അച്ചിനകം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സന്ദീപ് മാതാവിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു.
സന്ദീപ് എത്തിയതോടെ മാലയുടെ കിട്ടിയ ഭാഗവുമായി കവർച്ചക്കാരൻ കുമരകം ഭാഗത്തേക്ക് സ്കൂട്ടറിൽ തന്നെ കടന്നുകളഞ്ഞു.
പാന്സും ഷർട്ടു ധരിച്ച 30 വയസു തോന്നിക്കുന്ന ആളാണ് കവർച്ചക്കാരനെന്നാണ് സൂ ചന.