ചാന്നാനിക്കാട് എസ്സി-എസ്ടി സഹകരണ ബാങ്കിലെ ക്രമക്കേട് : ഒരു കോടിയിലേറെ രൂപയുടെ തിരിമറി
1300481
Tuesday, June 6, 2023 12:30 AM IST
ചിങ്ങവനം: സിപിഎം ഭരിക്കുന്ന ചാന്നാനിക്കാട് എസ്സി-എസ്ടി സഹകരണ ബാങ്കിലെ ക്രമക്കേടിൽ ചെറുകിട കച്ചവടക്കാരുടേയും മറ്റു നിക്ഷേപകരുടേയും ഒരു കോടിയിലധികം രൂപ തിരിമറി നടത്തിയതായി വിവരം.
ചിങ്ങവനം, ചാന്നാനിക്കാട്, പരുത്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ ദിവസ പിരിവിലൂടെ ഏജന്റ് വഴി ബാങ്കിലടച്ച തുക തിരികെ കിട്ടാതായതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.കഴിഞ്ഞ ഓഗസ്റ്റില്‍ ഓണത്തിനായി കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പണത്തിനായി എത്തിയ കച്ചവടക്കാര്‍ക്ക് ആവശ്യപ്പെട്ട മുഴുവന്‍ തുകയും കിട്ടാതെ വന്നതോടെ നിക്ഷേപകര്‍ അങ്കലാപ്പിലായി.
ബാങ്കിന് ചുറ്റുവട്ടത്തുള്ളതും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരെ നേരിട്ടു പരിചയവുമുള്ള നിക്ഷേപകര്‍ ആദ്യമൊക്കെ കാര്യമാക്കിയില്ലെങ്കിലും പിന്നീട് പണം ആവശ്യപ്പെടുന്നവര്‍ക്ക് മുന്പില് അധികൃതര്‍ പല കാരണങ്ങള്‍ പറഞ്ഞു കൈമലത്തുകയായിരുന്നു. ഇതോടെയാണ് തിരിമറിയുടെ വ്യപ്തി പുറം ലോകം അറിയുന്നത്.
സ്ഥലവാസി കൂടിയായ ഏജന്റിന്റെ ഇടപെടല്‍ മൂലമാണ് നാട്ടുകാരായ കച്ചവടക്കാര്‍ വിശ്വാസത്തോടെ പണം കൊടുത്തത്. ഈ തുക കൃത്യമായി ബാങ്കില്‍ എത്തിയിട്ടുള്ളതിന് രേഖകള്‍ ഉണ്ടെന്നും നിക്ഷേപകര്‍ പറയുന്നു.
പല കച്ചവടക്കാര്‍ക്കും ഒന്നിലധികം കാര്‍ഡുകളില്‍ നിക്ഷേപിച്ച ലക്ഷങ്ങളാണ് തിരികെ കിട്ടാനുള്ളത്. നിക്ഷേപകരെ കൊണ്ടു പൊറുതി മുട്ടിയതോടെ, ബാങ്ക് വക സ്ഥലം മറ്റ് ബാങ്കില്‍ ഈട് വച്ചു ലോണെടുത്ത് കിട്ടുന്ന പണം നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചിട്ടുള്ളതായി നിക്ഷേപകര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നിക്ഷേപകര്‍ ബാങ്ക് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു.
വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.