നാടെങ്ങും പരിസ്ഥിതി ദിനാഘോഷം
1300418
Monday, June 5, 2023 11:36 PM IST
ചങ്ങനാശേരി: ചെടികള്‍ നട്ടും വൃക്ഷത്തെകള്‍ വിതരണം ചെയ്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കിയും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന സന്ദേശം ഉയര്‍ത്തിയും വീണ്ടും ഒരു പരിസ്ഥിതിദിനംകൂടി ആചരിച്ചു. കലാലയങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ വ്യത്യസ്ഥമായ രീതിയിലാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്.
സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍
ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കോളജ് എന്‍എസ്എസ് യൂണിറ്റും നേച്ചര്‍ ക്ലബ്ബും 90.8 റേഡിയോ മീഡിയ വില്ലേജും ചാസും ചേര്‍ന്നാണ് പരിസ്ഥിതിദിനാചരണം നടത്തിയത്. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറക്കല്‍, റേഡിയോ മീഡിയ വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ കെ. വിപിന്‍ രാജ്, ചാസ് ഡയറക്ടര്‍ ഫാ. തോമസ് കുളത്തിങ്കല്‍, എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ നിതിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് പീറ്റേഴ്സില്‍
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലക്സാണ്ടര്‍ പ്രാക്കുഴി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ഷൈരാജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് വൃക്ഷ തൈകള്‍ വച്ചുപിടിപ്പിച്ചു. ഹരിത കര്‍മസേനാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
കൂത്രപ്പള്ളി സ്കൂളില്‍
കൂത്രപ്പള്ളി: പരിസ്ഥിതി ദിനചാരണത്തോടനുബന്ധിച്ച് കൂത്രപ്പള്ളി സെന്റ് മേരീസ് യുപി സ്കൂള്‍ പരിസരത്ത് സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കൊച്ചുപറമ്പിലിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുമുക്കിലിന്റെയും നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. ഹെഡ് മാസ്റ്റര്‍ സിബിച്ചന് കുരുവിള, പിടിഎ പ്രസിഡന്റ് ഷിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
എകെഎം സ്കൂള്‍
ചങ്ങനാശേരി: എകെഎം പബ്ലിക് സ്കൂള്‍ ആൻഡ് ജൂണിയര്‍ കോളജില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം എസ്ബി കോളജ് ബോട്ടണി വിഭാഗം മേധാവി ഡോ. സാല്‍വി തോമസ് നിര്‍വഹിച്ചു.
മാനേജര്‍ സിസ്റ്റര്‍ ലിസ് മരിയ വാഴേക്കളം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സാന്താ മരിയ തുരുത്തിമറ്റത്തില്‍, സാജന് ജോയി പതാരംചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍
ചങ്ങനാശേരി: ലോക പരിസ്ഥിതി ദിനത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന ഫലവൃക്ഷതൈകളുടെ വിതരണം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യാ തെരേസ് നിര്‍വഹിച്ചു. ആഷാ ജോസ്, സ്റ്റെഫി, സിസ്റ്റര്‍ റോസ്, ആല്‍ഫ സോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാട്ടുമാവിന് തൈകള്‍ വിതരണം ചെയ്തു
ഇത്തിത്താനം: കുറിച്ചി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം വിവിധ വാര്ഡുകളില്ലെ നഴ്സറികളില്‍ ഉത്പാദിപ്പിച്ച മാവിന് തൈകളുടെ വിതരണം കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് ഇത്തിത്താനം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിജു എസ്. മേനോന് അധ്യക്ഷനായിരുന്നു. മാമ്പഴക്കാലം എന്ന് പേരിട്ട പരിപാടി എൻഎസ്എസിന്റെ നേതൃത്വത്തിലാണ് സ്കൂളുകളില്‍ നടപ്പാക്കുന്നത്.
ഡിസിഎല്‍ മേഖല
നാലുകോടി: റേഡിയോ മീഡിയ വില്ലേജ് കൊല്ലാപുരം സബ്സ്റ്റേഷന്റെയും ഡിസിഎല്‍ ചങ്ങനാശേരി മേഖലയുടെയും പായിപ്പാട് പഞ്ചായത്ത് ജാഗ്രത സമിതിയുടെയും നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചക്കറി, ഫലവൃക്ഷ തൈകള്‍ 27 അങ്കണവാടികള്‍ക്ക് വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഡാര്‍ലി ടെജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് ഉദ്ഘാടനം നിര്‍വഹിച്ചു. വൃക്ഷത്തൈനടീല്‍ കര്‍മം നാലുകോടി സെന്റ് തോമസ് ഇടവക അസിസ്റ്റന്റ് വികാരി ഫാ.ടോണി പുതുവീട്ടില്‍ക്കളം നിര്‍വഹിച്ചു. ഡിസിഎല്‍ മേഖല ഓര്‍ഗനൈസര്‍ ജോഷി കൊല്ലാപുരം, ജാഗ്രത സമിതി കോര്‍ഡിനേറ്റര്‍ എന്‍.വി. വിനുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.