"നെറ്റ് സീറോ എമിഷന്‍ സഹകരണ മേഖലയില്‍' പദ്ധതിക്ക് തുടക്കം
1300400
Monday, June 5, 2023 11:28 PM IST
കോട്ടയം: കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി സഹകരണവകുപ്പ് നടപ്പാക്കുന്ന "നെറ്റ് സീറോ എമിഷന്‍ പദ്ധതി സഹകരണമേഖലയില്‍' പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം. കോട്ടയം അയ്മനത്തെ പി.ജെ.എം. അപ്പര്‍ പ്രൈമറി സ്കൂള്‍ അങ്കണത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലൂടെ മലയാളിക്കു സുപരിചിതമായ മാംഗോസ്റ്റിന് മരം നട്ടു മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതടക്കം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സഹകരണമേഖല സജീവമായ ഇടപെടല്‍ നടത്തുകയാണെന്നും പദ്ധതി സഹകരണരംഗത്തെ കേരള മോഡലാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സൗരജ്യോതി പരിസ്ഥിതിദിന സന്ദേശം നല്കി വായ്പാ വിതരണവും വൃക്ഷത്തൈ വിതരണവും നിര്‍വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ റ്റി.വി. സുഭാഷ് പദ്ധതി വിശദീകരിച്ചു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു.