റോഡ് വീതി കൂട്ടി ടാര്‍ ചെയ്യാന്‍ 64 കോടി കൂട്ടിക്കല്‍-ഏന്തയാര്‍ വഴി സമാന്തര പാതയ്ക്ക് 12 കോടിയും
1300397
Monday, June 5, 2023 11:28 PM IST
ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതിന് 64 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചുള്ള റോഡ് വികസനം നടപ്പിലാക്കുന്നതിന് സ്ഥലമേറ്റെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ നടത്തി റോഡ് കൂടുതല്‍ വീതി കൂട്ടിയും ഓടകള്‍ നിര്‍മിച്ചും സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചും സുരക്ഷിതത്വ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതോടൊപ്പം മുണ്ടക്കയം-കൂട്ടിക്കല്‍- ഏന്തയാര്‍ വഴി വാഗമണില്‍ എത്തിച്ചേരുന്ന ഒരു സമാന്തര പാതയ്ക്ക് 12 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
വാഗമണില്‍നിന്ന് ഈരാറ്റുപേട്ടയിലേക്ക് വിളംബര റാലി
റോഡ് ഉദ്ഘാടനം ജനകീയ ഉത്സവമാക്കാനൊരുങ്ങുകയാണ് സംഘാടക സമിതി. സമ്മേളനത്തിനു മുന്നോടിയായി വാഗണില്നിന്നും ഈരാറ്റുപേട്ടയിലേക്ക് യുവജനങ്ങള്‍ നയിക്കുന്ന വിളംബര റാലിയും ഉണ്ടായിരിക്കും.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെ അരുവിത്തുറ പള്ളി ജംഗ്ഷനില്‍നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിക്കും.ഉദ്ഘാടന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.
തോമസ് ചാഴികാടന് എംപി, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്, പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എന്‍ജിനിയര്‍ അജിത്ത് രാമചന്ദ്രന്, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ വി.ആര്. വിമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ശ്രീകല, ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദുള്‍ ഖാദര്‍, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു എന്നിവര്‍ പ്രസംഗിക്കും.