കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
1300395
Monday, June 5, 2023 11:28 PM IST
കോട്ടയം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. കെപിസിസി പുനഃസംഘടനാ സമിതിയുടെ ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയാണു കെപിസിസി പ്രസിഡന്റ് ഇന്നലെ വൈകുന്നേരം ലിസ്റ്റ് പുറത്തിറക്കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പിനാണ് സ്ഥാനങ്ങള്‍ ഏറെയും ലഭിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനു പല ബ്ലോക്കുകളും നഷ്ടമായി.
കോട്ടയം ഈസ്റ്റ്, വെസ്റ്റ്, കടുത്തുരുത്തി, വൈക്കം, പാലാ, ചങ്ങനാശേരി ഈസ്റ്റ്, പൂഞ്ഞാര്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍ എന്നീ ബ്ലോക്കുകള്‍ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ വിഭാഗം പിടിച്ചപ്പോള്‍ അയര്‍ക്കുന്നം, പുതുപ്പള്ളി, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ്, ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്കുകള്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിനു ലഭിച്ചു. ആകെയുള്ള ബ്ലോക്കുകളില്‍ പകുതിയും കൈവശമുണ്ടായിരുന്ന ഐ ഗ്രൂപ്പിന് ഉഴവൂര്‍, ആര്‍പ്പൂക്കര, ഭരണങ്ങാനം ബ്ലോക്കുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചങ്ങനാശേരി വെസ്റ്റ് കെ.സി. വേണുഗോപാല്‍ വിഭാഗത്തിനാണ്.
വൈക്കത്തെ ബ്ലോക്ക് പ്രസിഡന്റ് എ വിഭാഗത്തിനാണെങ്കിലും കെപിസിസി പ്രസിഡന്റിന്റെ നോമിനിയാണ്. മുമ്പ് ഐ ഗ്രൂപ്പിന്റെ കൈയിലായിരുന്നു വൈക്കം. കോട്ടയത്തെ രണ്ടു ബ്ലോക്കു കമ്മിറ്റികള്ക്കായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശക്തമായി അവകാശവാദം ഉന്നയിച്ചു. ഇതോടെ വെസ്റ്റ് കമ്മിറ്റി ഐ ഗ്രൂപ്പിനു നഷ്ടമായി. പുതുപ്പള്ളി മണ്ഡലത്തിലെ ബ്ലോക്ക് കമ്മിറ്റികള്‍ വിട്ടുനല്‍കാന്‍ ഉമ്മന്‍ ചാണ്ടി വിഭാഗവും തയാറായില്ല. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കായി ആന്റോ ആന്റണിയും മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റിക്കുവേണ്ടി കെപിസിസി സെക്രട്ടറി പി.എ. സലീമും വാദിച്ചിരുന്നു.
ചങ്ങനാശേരിയിലെ ബ്ലോക്ക് കമ്മിറ്റികളിലായിരുന്നു പ്രധാന തര്‍ക്കം. ഇതില്‍ ഒരെണ്ണം ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനു ലഭിച്ചപ്പോള്‍ ജില്ലയില്‍നിന്നുള്ള കെപിസിസി നേതാവിന്റെ പിന്തുണയില്‍ വെസ്റ്റ് കമ്മിറ്റി കെ.സി. വേണുഗോപാല്‍ പക്ഷം പിടിച്ചു. ഐ ഗ്രൂപ്പിനു കമ്മിറ്റികള്‍ നഷ്ടമായതില്‍ ശക്തമായ പ്രതിഷേധമുണ്ട്. പുനഃസംഘടനാ കമ്മിറ്റിയില്‍ ഐ ഗ്രൂപ്പ് പ്രതിനിധി ജോസഫ് വാഴയ്ക്കന് ഉണ്ടായിരുന്നിട്ടും പ്രസിഡന്റുസ്ഥാനം നഷ്ടമായതില്‍ ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കൾ സംസ്ഥാന നേതാക്കളെ പ്രതിഷേധം അറിയിച്ചു.