മാലിന്യങ്ങൾ ശരീരത്തണിഞ്ഞ് ഒറ്റയാൾ പ്രതിഷേധം
1300348
Monday, June 5, 2023 10:47 PM IST
എരുമേലി: പഞ്ചായത്ത് നടത്തുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പ്രഹസനമാണെന്ന് ആരോപിച്ച് പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യങ്ങൾ ശരീരത്തണിഞ്ഞ് ടൗണിലൂടെ പരിസ്ഥിതി പ്രവർത്തകൻ പ്രതിഷേധ യാത്ര നടത്തി. എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ രവീന്ദ്രൻ എരുമേലിയാണ് പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രതിഷേധം നടത്തിയത്.
ഓരോ പരിസ്ഥിതി ദിനവും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധം നടത്തി രവീന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ തിരുവോണ നാളിൽ മഹാബലിയുടെ വേഷത്തിൽ പരിസ്ഥിതി സംരക്ഷണ പ്രബോധനം നടത്തിയിട്ടുള്ള രവീന്ദ്രൻ ഇതിന് മുമ്പും ഒറ്റയാൾ പ്രതിഷേധമായി നാട്ടിലെ മാലിന്യ സംസ്കരണത്തിലെ അപാകതകൾക്കെതിരേ പ്രതികരിച്ചിട്ടുണ്ട്.
എരുമേലിയിലെ തോടുകൾ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും പഞ്ചായത്ത് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് രവീന്ദ്രൻ പറയുന്നു. ഇന്നലെ ടൗണിലൂടെ ഏകാംഗ പദയാത്ര നടത്തിയ രവീന്ദ്രനെ നിരവധിപ്പേർ പിന്തുണയറിയിച്ച് സ്വീകരിച്ചു.