അരിക്കൊമ്പൻ തുള്ളൽക്കഥയുമായി പാലാ കെ.ആർ. മണി
1300259
Monday, June 5, 2023 12:32 AM IST
ഏറ്റുമാനൂർ: അരിക്കൊമ്പന്റെ കഥ തുള്ളൽക്കഥയാക്കി ഓട്ടൻതുള്ളൽ കലാകാരൻ പാലാ കെ.ആർ. മണി വേദിയിൽ. ഇന്നലെ എൻഎസ്എസ് കരയോഗം ഹാളിൽ കാവ്യ വേദി ട്രസ്റ്റിന്റെ വാർഷികാഘോഷ വേദിയിലാണ് അദ്ദേഹം അരിക്കൊമ്പന്റെ കഥ കെട്ടിയാടി കാണികളെ വിസ്മയിപ്പിച്ചത്. കവിയരങ്ങുകളിൽ കവിതകൾ അവതരിപ്പിക്കാറുള്ള മണിയെ കവിയരങ്ങിൽ കവിത അവതരിപ്പിക്കുന്നതിനാണ് കാവ്യവേദി ഭാരവാഹികൾ ക്ഷണിച്ചത്. എന്നാൽ താൻ തന്നെ രചിച്ച് ചിട്ടപ്പെടുത്തിയ അരിക്കൊമ്പൻ കഥ ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി ആറു പതിറ്റാണ്ടുകളിലേറെ അനേകം വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച പ്രശസ്ത കലാകാരൻ കെ.ആർ. രാമൻകുട്ടിയുടെ മകനായ മണി പത്താം വയസിൽ സ്കൂൾ കലോത്സവത്തിനു വേണ്ടിയാണ് ഓട്ടൻതുള്ളൽ ആദ്യമായി പരിശീലിച്ചത്.
ഓട്ടൻതുള്ളലിനു പുറമേ ശീതങ്കൻ തുള്ളലും പറയൻതുള്ളലും അവതരിപ്പിക്കുന്നുണ്ട്. ആകാശവാണിയിലെ കലാകാരനാണ്. പാലാ കരൂർ പോണാട് കുന്നത്തോലിക്കൽ കുടുംബാംഗമാണ്.