ഓർമകളുടെ പച്ചപ്പിൽ തിരിച്ചുനടന്ന് പാലാ കോളജിലെ ബോട്ടണിക്കാർ
1298982
Wednesday, May 31, 2023 10:37 PM IST
സ്വന്തം ലേഖകന്‍
പാലാ: മൊബൈല്‍ ഫോണിലും സോഷ്യല്‍ മീഡിയയിലും വളരുന്ന പുതുതലമുറയെ വെല്ലുന്ന ഓര്‍മകള്‍ അയവിറക്കി 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കലാലയമുറ്റത്തു വീണ്ടും സ്നേഹത്തണലിൽ അവർ ഒത്തുചേർന്നു. പാലാ സെന്റ് തോമസ് കോളജില്‍ 1980-83 ബാച്ച് ബിഎസ്സി ബോട്ടണി വിദ്യാര്‍ഥികളും അധ്യാപകരും കോളജില്‍ സംഘടിപ്പിച്ച ത്രിദിന പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് ഊഷ്മള തുടക്കം.
ഓര്‍മകള്‍ പുതുക്കിയും ഗുരുനാഥര്‍ക്ക് ആദരം നല്‍കിയും വിടവാങ്ങിയവരെ അനുസ്മരിച്ചുമുള്ള സംഗമം അവിസ്മരണീയമായി. പാലാ കോളജിലെ സെന്റ് ജോസഫ് ഹാളില്‍ വൈകുന്നേരം നാലിനു തുടങ്ങിയ റീയൂണിയന് സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മംഗലത്ത് അധ്യക്ഷത വഹിച്ചു. ബോട്ടണി അധ്യാപകരായിരുന്ന പ്രഫ. സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, പ്രഫ. ടി.യു. തോമസ്, പ്രഫ. എം.സി. മാണി എന്നിവര്‍ക്കു ഗുരുവന്ദനം നല്കി.
കോളജിന്റെ പടിയിറങ്ങിയശേഷം വിവിധ ദേശങ്ങളിലുംനാനാതുറകളിലും വര്‍ത്തിക്കുന്നവരുടെ പരിചയപ്പെടുത്തലുകളും ഓര്‍മകളുടെ പങ്കുവയ്ക്കലുകളും ആസ്വാദ്യകരമായി.
ഒരു മണിക്കൂര്‍ നിശ്ചയിച്ച ഓര്‍മകളുടെ അയവിറക്കല്‍ മൂന്നു മണിക്കൂര്‍ നീണ്ടിട്ടും ഒരാള്‍ പോലും തിരക്കു പറഞ്ഞ് ഒഴിവായില്ല. കോളജിലെ പരിപാടികള്‍ക്കു ശേഷം നഗരത്തിലെ ഹോട്ടലില്‍ രണ്ടു മണിക്കൂര്‍ നീണ്ട അത്താഴവിരുന്നിനു ശേഷമായിരുന്നു അറുപതിലെത്തിയ കൂട്ടുകാര്‍ പിരിഞ്ഞത്.
സൗഹൃദത്തണല്‍ കൂടുതല്‍ വിശാലമാക്കാനായി ജൂണ്‍ 10,11 തീയതികളില്‍ തേക്കടിയിലെ കേരള വനം വകുപ്പിന്റെ കീഴിലുള്ള ബാംബൂ ഗ്രൂവ് റിസോര്‍ട്ടില്‍ താമസിച്ചു രണ്ടു ദിവസത്തെ ഓര്‍മക്കൂട്ടം പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പെരിയാര്‍ തടാകത്തിലെ ബോട്ട് യാത്ര അടക്കമുള്ള പരിപാടികള്‍ ഈ ചങ്ങാതിക്കൂട്ടത്തിന് ഉത്സവലഹരി പകരും.