കടപ്ലാമറ്റം ആശുപത്രി മുഖം മിനുക്കുന്നു
1298981
Wednesday, May 31, 2023 10:37 PM IST
കടപ്ലാമറ്റം: കടപ്ലാമറ്റം ഗവ. ആശുപത്രിയിൽ വികസന മുന്നേറ്റത്തിന്റെ പ്രതീക്ഷ ഉയർത്തി പുതിയ പ്രഖ്യാപനം.
രണ്ടരക്കോടി രൂപയുടെ വികസനം ആശുപത്രിയില്‍ നടപ്പിലാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യനും ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്കും അറിയിച്ചു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ആശുപത്രിക്കു പുതിയ ഔട്ട്പേഷ്യന്റ് വിഭാഗം എത്തുന്നതോടെ ആശുപത്രിയുടെ മുഖഛായതന്നെ മാറുമെന്നു കരുതുന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ആശുപത്രി.
പേ വാർഡ്
2021-22 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ചാണ് ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്. ഇതിനായി മണ്ണ് പരിശോധന ആരംഭിച്ചു. പുതിയ ഒപി ബ്ലോക്കിന്റെ നിര്‍മാണത്തിനായി പഴയ കെട്ടിടം പൊളിച്ചുമാറ്റണം. പൊളിച്ചുമാറ്റുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ മാറ്റേണ്ടതുണ്ട്.
ആശുപത്രിയുടെ വികസനത്തിനു ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 90 ലക്ഷം രൂപയുടെ വികസനമാണ് നടത്തുകയെന്നു ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് പറഞ്ഞു. സിസിടിവി കാമറയും ശിശുസൗഹൃദ പ്രതിരോധശേഷി മരുന്നുനല്‍കല്‍ കേന്ദ്രവും പുരുഷ, വനിതാ പേവാര്‍ഡ് നിര്‍മാണവും ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആറു വരെ ഡോക്ടർ
രാത്രിയില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്നു ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ ഡോക്ടറുടെ സേവനം ഉറപ്പാക്കും. ജനറല്‍ മെഡിസിനില്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ദന്തല്‍, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലും സേവനം ലഭിക്കും. എല്ലാ മാസവും നാലാം ശനിയാഴ്ച നേത്രരോഗവിഭാഗം ഡോക്ടറുടെ സേവനവും ഉണ്ടാകും.
ആശുപത്രി വികസനവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, പഞ്ചായത്തംഗങ്ങളായ ആന്‍സി സഖറിയാസ്, ജയ്മോള്‍ റോബര്‍ട്ട്, എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ് ടി. കീപ്പുറം, തോമസ് പുളിക്കീല്‍ എന്നിവര്‍ സ്ഥലത്തെത്തി വിലയിരുത്തി.