വാഗമൺ റോഡ് ഉദ്ഘാടനം ഏഴിന്
1298978
Wednesday, May 31, 2023 10:37 PM IST
ഈരാറ്റുപേട്ട: നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഉദ്ഘാടനം ഏഴിനു വൈകുന്നേരം നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഈരാറ്റുപേട്ടയിൽ നിർവഹിക്കും.
വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് 20 കോടി രൂപ അനുവദിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിംഗ് നടത്തുകയും സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമാണം, കലുങ്ക് നിർമാണം, സംരക്ഷണഭിത്തികൾ, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവ പൂർത്തീകരിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല.
കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി, റീടാർ ചെയ്യുന്നതിന് 64 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പു നടപടികൾ അന്തിമഘട്ടത്തിലാണ്.
ഇപ്പോൾ നടപ്പിലാക്കിയ നവീകരണത്തിന്റെ ഉദ്ഘാടനം വിജയകരമായി നടത്തുന്നതിന് സ്വാഗതസംഘ രൂപീകരണം ഇന്നു വൈകുന്നേരം നാലിന് ഈരാറ്റുപേട്ട വ്യാപാര ഭവനിൽ ചേരുമെന്നും ഇതിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.