സ്പെഷല്‍ ഒളിമ്പിക്സിലേക്ക് ഹോളിക്രോസിന്റെ ആദര്‍ശ് സണ്ണി
1298977
Wednesday, May 31, 2023 10:35 PM IST
കുറവിലങ്ങാട്: സ്പെഷല്‍ ഒളിമ്പിക്സില്‍ വീണ്ടും മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷല്‍ സ്കൂളിന്റെ പങ്കാളിത്തം. ഒളിമ്പിക്സില്‍ ഫുട്ബോളില്‍ ഇന്ത്യന്‍ സംഘത്തില്‍ ഹോളിക്രോസ് സ്കൂളിലെ ആദര്‍ശ് സണ്ണിയും ഉണ്ടാകും.
ജൂണ്‍ 12 മുതല്‍ 27 വരെ ജര്‍മനിയിലെ ബെര്‍ലിനിലാണ് സ്പെഷല്‍ ഒളിന്പിക്സ് നടക്കുന്നത്. സ്കൂള്‍ പ്രിന്‍സിപ്പലും സ്പെഷല്‍ ഒളിമ്പിക്സ് ഇന്ത്യ പ്രോഗ്രാം മാനേജരുമായ സിസ്റ്റര്‍ റാണി ജോ, സ്കൂള്‍ കായികപരിശീലകന് ജോസ് സന്തോഷ് എന്നിവരുടെ നിരന്തര പ്രോത്സാഹമാണ് ആദര്‍ശ് സണ്ണിക്ക് ഈ അവസരം സമ്മാനിച്ചത്. ഹരിയാന, ഗുജറാത്ത്, നോയിഡ എന്നിവിടങ്ങളില്‍ നടന്ന ഫുട്ബോള്‍ സെലക്ഷന് ക്യാമ്പുകളില്‍ പങ്കെടുത്ത 600ല്‍പ്പരം വിദ്യാര്‍ഥികളില്‍നിന്നാണ് ആദര്‍ശ് സണ്ണി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
വാക്കാട് പുല്‍പ്രയില്‍ സണ്ണിയുടെയും ഷൈലയുടെയും മകനാണ് ആദര്‍ശ്. പത്തു വര്‍ഷമായി ആദര്‍ശിന്റെ ഫുട്ബോളിലുള്ള കഴിവ് തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കുകയായിരുന്നുവെന്ന് സിസ്റ്റര്‍ റാണി ജോ പറഞ്ഞു.
ആദർശിന് അഞ്ചിന് സ്കൂളില്‍ ഹൃദ്യമായ യാത്രയപ്പ് നല്‍കും. മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കും. ഏഴു മുതല്‍ 11 വരെ ഡല്‍ഹിയില്‍ ടീമംഗങ്ങള്‍ക്കൊപ്പം അഞ്ച് ദിവസത്തെ ക്യാമ്പിനു ശേഷം 12ന് ജർമനിയിലേക്ക് യാത്ര തിരിക്കാനാണ് തീരുമാനം. 210 പേരടങ്ങുന്ന ഇന്ത്യന്‍ ടീമില്‍ കോട്ടയം ജില്ലയില്‍നിന്ന് എട്ട് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.