ഇടിമിന്നലിലും കാറ്റിലും രാമപുരത്ത് വ്യാപക നാശനഷ്ടം
1298975
Wednesday, May 31, 2023 10:35 PM IST
രാമപുരം: രാമപുരത്തും പരിസര പ്രദേശങ്ങളിലും ഇന്നലെ പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും കാറ്റിലും വ്യാപക നാശനഷ്ടം. വീടുകള്‍ക്ക് മുകളിലേക്കു മരം ഒടിഞ്ഞ് വീഴുകയും ഇടിമിന്നിലില്‍ വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ഇലക്ട്രിക് ഉപകരണങ്ങള്‍ നശിക്കുകയും കൃഷിനാശം ഉണ്ടാവുകയും ചെയ്തു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ലൈനിലേക്ക് മരം ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു.
ചേറ്റുകുളം വാര്‍ഡില്‍ വാലുമ്മേല്മലയില് ടോമി സെബാസ്റ്റ്യന്റെ വീടിന് മുകളിലേക്ക് റബര്‍മരം ഒടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. വെട്ടിച്ചാലില്‍ ബേബിയുടെ ഒരേക്കറോളം കപ്പകൃഷി കാറ്റത്ത് നശിച്ചു.
ടൗണ്‍ വാര്‍ഡില്‍ കൊളുത്താപ്പിള്ളില് മാധവന്റെ വീടിന്റെ വാർക്ക ഇടിമിന്നലിൽ പൊട്ടിത്തകർന്നു. മിന്നലില്‍ വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയും വയറിംഗ് കത്തി നശിക്കുകയും ചെയ്തു. അപകട സമയത്ത് മാധവനും ഭാര്യ ലീല, കൊച്ചുമകള്‍ അദ്വൈതയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ മുഴുവന്‍ പുക നിറഞ്ഞതിനെത്തുടർന്ന് ഇവർ ഉടൻതന്നെ വീട്ടിൽനിന്നു മാറി.മേതിരി വാര്‍ഡില്‍ വടക്കേടത്ത് ജയ്മോന്റെ തൊഴുത്ത് മരംവീണ് പൂര്‍ണമായും തകര്‍ന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.