ടാപ്പിംഗ് നിലച്ചു, കാടുകയറി; തോട്ടങ്ങൾ വന്യമൃഗ താവളം
1298974
Wednesday, May 31, 2023 10:35 PM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ റബർ ടാപ്പിംഗ് നിർത്തിയ മേഖലകളിൽ കാടുകയറി വനസമാനമായി മാറിയതോടെ വന്യമൃഗശല്യം രൂക്ഷമായി.
ദേശീയപാതയിൽ മുപ്പത്താറാംമൈൽ മുതൽ മരുതുംമൂട് വരെയുള്ള റോഡിന്റെ ഒരുവശം ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമാണ്. മേഖലയിലെ റബർമരങ്ങൾ ടാപ്പ് ചെയ്തിട്ടു വർഷങ്ങൾ കഴിഞ്ഞു. ഇതോടെ റബർ തോട്ടങ്ങൾ കാടുകയറി മൂടിയ നിലയിലാണ്. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് സമീപത്തെ ജനവാസ മേഖലയിലെ കുടുംബങ്ങളാണ്. തോട്ടങ്ങൾ കാടുകയറിയോടെ വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്.
പകലും രാത്രിയും
കാട്ടുപന്നി, കുറുക്കൻ, പെരുമ്പാമ്പ് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം മേഖലയിൽ രൂക്ഷമാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് ദേശീയപാത കടന്നു കാട്ടുപന്നിയും കുറുക്കനും പെരുന്പാമ്പുമെല്ലാം എത്തുന്നത്.
മരുതുംമൂട് - മുപ്പത്താറാംമൈൽ മേഖലയിലെ ജനങ്ങൾ ഇപ്പോൾ ഭീതിയോടെയാണ് വീടിനു പുറത്തിറങ്ങുന്നത്. രാത്രികാലങ്ങളിൽ റോഡ് മുറിച്ചു കടക്കുന്ന മൃഗങ്ങളെ വാഹനം ഇടിക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതിനൊപ്പം റബർ തോട്ടത്തിലെ കാട്ടുപയർ ഉൾപ്പെടെയുള്ള വള്ളിപ്പടർപ്പുകൾ ദേശീയപാതയിലേക്കു വളർന്നു കയറിയതോടെ റോഡിലൂടെ കടന്നുപോകുന്ന കാൽനട യാത്രക്കാർ പാതയിലേക്ക് ഇറങ്ങി നടക്കേണ്ട സാഹചര്യമാണ്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെ ഉപയോഗിക്കേണ്ട വഴിയോരമാണ് ഇങ്ങനെ കാടുകയറി കിടക്കുന്നത്.