കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വനിതാ ഫിറ്റ്നസ് സെന്റർ
1298973
Wednesday, May 31, 2023 10:35 PM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ വനിതകൾക്ക് ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കായികശേഷി വർധിക്കുന്നതിന് സ്വാസ്ഥ്യം എന്ന പേരിൽ വനിതാ ഫിറ്റ്നസ് സെന്റർ ആരംഭിക്കും.
വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി 12 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഇത്തരത്തിൽ ഒരു പദ്ധതി ആരംഭിക്കുന്നത്. പ്രദേശവാസികളായ വനിതകൾക്കും ആശുപത്രി ജീവനക്കാരായ വനിതകൾക്കും രാവിലെയും വൈകുന്നേരവും ഇതിന്റെ സൗകര്യം ഉപയോഗിക്കാം.
നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിക്കും.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, രഞ്ജിനി ബേബി, സി.ആർ. ശ്രീകുമാർ, ടി.എൻ. ഗിരീഷ് കുമാർ, ഡോ. എൻ. പ്രിയ, ഡോ. അജയ് മോഹൻ, ഷാജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ, ബി. രവീന്ദ്രൻ നായർ, ആന്റണി മാർട്ടിൻ, പി.എൻ. സുജിത്ത് എന്നിവർ പ്രസംഗിക്കും.