മഴയിലും കാറ്റിലും മരം വീണ് വീടുകൾ തകർന്നു
1298972
Wednesday, May 31, 2023 10:35 PM IST
എരുമേലി: മഴയിലും കാറ്റിലും മരം വീണ് വീടുകൾ തകർന്നു. നേർച്ചപ്പാറ വാർഡിൽ കവുങ്ങുംകുഴി ഇലന്തൂർ ദേവസ്യ തോമസ്, ഇരുമ്പൂന്നിക്കര നിവാസികളായ ബിജു, രവീന്ദ്രൻ എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്.
കവുങ്ങുംകുഴിയിൽ ദേവസ്യയുടെ വീടിന് മുകളിലേയ്ക്ക് പ്ലാവ് കടപുഴകി വീഴുകയായിരുന്നു. മേൽക്കൂര പൂർണമായും തകർന്നെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുമ്പൂന്നിക്കരയിലും മരങ്ങൾ വീണ് വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത കാറ്റിലും മഴയിലുമാണ് വ്യാപക നാശനഷ്ടം സംഭവിച്ചത്.
നേർച്ചപ്പാറയിൽ നാശനഷ്ടം സംഭവിച്ചർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെംബർ ഷാനവാസ് പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു.