ചേനപ്പാടിയിൽ ഭൂമിക്കടിയിലെ മുഴക്കം: ഉറക്കം നഷ്ടമായി നാട്
1298643
Wednesday, May 31, 2023 2:14 AM IST
കാഞ്ഞിരപ്പള്ളി: ചേനപ്പാടിയിൽ ഭൂമിക്കടിയിൽനിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായ സ്ഥലത്ത് ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി. പ്രദേശത്തെ ഭൂമിക്ക് വിള്ളലോ മറ്റ് പ്രശ്നങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. മുഴക്കം കേട്ട ഭാഗത്ത് പാറക്കൂട്ടമായതിനാലാകാം ഇത്തരമൊരു പ്രതിഭാസമെന്നും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ വിശദമായ പരിശോധന നടത്താമെന്നും കോട്ടയം ജിയോജിസ്റ്റ് സി.എസ്. മഞ്ജു പറഞ്ഞു.
ഇന്നലെ രാവിലെ 9.30 ഓടെയാണ് ജിയോളജി വകുപ്പിലെ സംഘം മുഴക്കം അനുഭവപ്പെട്ട ചേനപ്പാടി ഭാഗത്ത് പരിശോധന നടത്തിയത്. പ്രദേശവാസികളോടും പ്രാദേശിക ജനപ്രതിനിധികളോടും സംഘം സംസാരിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.
തിങ്കളാഴ്ചയാണ് ചേനപ്പാടി ലക്ഷം വീട് കോളനി ഭാഗത്തും സമീപ പ്രദേശങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടത്. നാല് തവണയാണ് ഭൂമിയുടെ ഉള്ളിൽനിന്ന് അസാധാരണമായ മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30നും 5.30നും ചെറിയ തോതിലാണ് മുഴക്കം ഉണ്ടായത്. പിന്നീട് രാത്രി 8.45നും ഒന്പതിനുമാണ് ഭൂമിക്കടയിൽനിന്ന് വലിയ മുഴക്കം പ്രകമ്പനവും അനുഭവപ്പെട്ടത്.
ഭൂമിക്കടിയിൽ തോട്ടപൊട്ടിയ പോലെ ശബ്ദമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. ചിലർക്ക് കാലുകളിൽ തരിപ്പ് അനുഭവപ്പെട്ടു. പിന്നാലെ പലരും വീടുകളിൽനിന്നു പുറത്തിറങ്ങി റോഡിൽ വന്നുനിന്നു. ചിലർ രാത്രി 11.30ഓടെയാണ് വീട്ടിലേക്ക് പ്രവേശിച്ചത്. പേടിയോടെയാണ് രാത്രി കിടന്ന് ഉറങ്ങിയതെന്നും വീടിനുള്ളിൽ കയറാൻ പേടിയാണെന്നും വീട്ടമ്മമാർ പറഞ്ഞു. പ്രദേശത്തെ ചില കിണറുകളിൽ വെള്ളം താഴ്ന്നിട്ടുണ്ടെന്നും ഇന്നലെ രാവിലെ 8.30നും ചെറിയ തോതിൽ ശബ്ദം ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞു.