പട്ടയവിതരണത്തിലൂടെ സാധ്യമാക്കിയത് ഏഴുപതിറ്റാണ്ടു നീണ്ട സ്വപ്നം: മുഖ്യമന്ത്രി
1298642
Wednesday, May 31, 2023 2:14 AM IST
എരുമേലി: ആയിരത്തോളം കുടുംബങ്ങളുടെ ഏഴുപതിറ്റാണ്ടു നീണ്ട സ്വപ്നമാണ് പട്ടയവിതരണത്തിലൂടെ സാധ്യമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എരുമേലി തെക്ക് വില്ലേജിൽ ഏയ്ഞ്ചൽവാലി - പമ്പാവാലി പ്രദേശങ്ങളിലെ ഭൂവുടമകൾക്കു ഭൂനികുതി അടയ്ക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിച്ചു ക്രമവത്കരിച്ച പട്ടയവിതരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 521 പട്ടയങ്ങളാണ് ഇന്നലെ വിതരണം ചെയ്തത്.
മനുഷ്യ -വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള വിവിധ നടപടികൾ സർക്കാർ സ്വീകരിക്കും. മനുഷ്യവാസസ്ഥലങ്ങളിലും കൃഷിഭൂമിയിലും വന്യമൃഗങ്ങൾ പ്രവേശിക്കുന്നതു തടയാൻ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏയ്ഞ്ചൽവാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യു-ഭവന നിർമാണ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. നികുതി പിരിക്കുകയല്ല, സാധാരണക്കാർക്കു ഭൂമിയുടെ ക്രയവിക്രയങ്ങൾക്ക് ആധികാരികമായ രേഖകൾ കൈമാറുകയാണു പട്ടയവിതരണത്തിലൂടെ സർക്കാർ ലക്ഷ്യമെനു മന്ത്രി കെ. രാജൻ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ അതിർത്തികൾ കൃത്യമായി നിർണയിച്ചിട്ടുണ്ട്. 1887 സ്കെച്ചുകൾ പൂർത്തീകരിച്ചു. വനംവകുപ്പിന്റെ കൂടി സംയുക്ത പരിശോധനയ്ക്കുശേഷമാണ് റവന്യൂവകുപ്പിന്റെ പട്ടയമാക്കി അപേക്ഷ നൽകിയവർക്കു കൈമാറുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ശേഷിക്കുന്ന അപേക്ഷകർക്ക് ജൂൺ ആറ്, ഏഴ് തീയതികളിൽ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിൽ അദാലത്ത് നടത്തി പഴയ പട്ടയങ്ങൾ സറണ്ടർ ചെയ്യാൻ അവസരമൊരുക്കും. ഈ അപേക്ഷകളിൽ ഓഗസ്റ്റ് 30ന് മുമ്പ് നിയമസാധുതയുള്ള പുതിയ പട്ടയം കൈമാറുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നു ചടങ്ങിൽ വിശിഷ്ടാതിഥിയായ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പഞ്ചായത്തംഗം മാത്യു ജോസഫ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, ഗിരീഷ്കുമാർ, എബി കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.