പട്ടയമേള തർക്കമേളയായില്ല
1298641
Wednesday, May 31, 2023 2:14 AM IST
കണമല: ഇന്നലെ ഏയ്ഞ്ചൽവാലിയിൽ നടന്ന പട്ടയമേളയിൽ തർക്കങ്ങൾ ഒന്നുമുണ്ടായില്ല. പട്ടയമേള ആരംഭിക്കുമ്പോൾ പലരും നെട്ടോട്ടത്തിലായിരുന്നു. പുതിയ പട്ടയം ലഭിക്കുന്നതിന്റെ നടപടികളുടെ ഭാഗമായി നൂറു രൂപയുടെ മുദ്രപത്രത്തിൽ സത്യപ്രസ്താവന ഒപ്പിട്ട് നൽകണമെന്ന നിബന്ധനയാണ് വലച്ചത്.
പട്ടയത്തിലുള്ള ഭൂമി അല്ലാതെ മറ്റ് ഭൂമി ഇല്ലെന്നുള്ള സത്യപ്രസ്താവനയാണ് എഴുതി നൽകേണ്ടത്. ഇതിന് മുദ്ര പത്രം വേണമെന്ന് കഴിഞ്ഞ ദിവസമാണ് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ എരുമേലി ഉൾപ്പടെ മുദ്രപത്രങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ പത്രം കിട്ടാതെ പലരും വലയുകയായിരുന്നു. അടുത്ത ദിവസം ക്യാമ്പിൽ മുദ്രപ്പത്രം നൽകി പട്ടയം കൈപ്പറ്റാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മുദ്രയില്ലല്ലോ സാറേ...
പുതിയ പട്ടയം കിട്ടിയവർ പട്ടയത്തിൽ ഉപാധി രഹിതം എന്ന സീൽ ഇല്ലെന്ന് പരാതികൾ ഉന്നയിച്ചു. ഉപാധി രഹിതമാണെന്ന് പട്ടയത്തിൽ പ്രത്യേക സീൽ പതിപ്പിച്ചു നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും ഉപാധികൾ ഇല്ലെന്നുള്ളതിന്റെ വിശദീകരണം പട്ടയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎയും റവന്യു ഉദ്യോഗസ്ഥരും അറിയിച്ചു.
പട്ടയം കിട്ടും മുമ്പേ കരമടച്ചു
പട്ടയമേളയിൽ തിരക്ക് അനുഭവപ്പെട്ടത് കരം അടയ്ക്കാൻ. 2016ൽ പട്ടയം ലഭിച്ചവരിൽ മിക്കവർക്കും പിന്നീട് കരം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുതിയ പട്ടയം അനുവദിച്ചതിന്റെ ഭാഗമായി ഭൂനികുതി അടയ്ക്കാൻ കൗണ്ടർ ക്രമീകരിച്ചിരുന്നു. ഇന്നലെ പട്ടയമേളയ്ക്ക് തൊട്ടുമുമ്പാണ് റവന്യു വകുപ്പിന്റെ റിലീസ് സോഫ്റ്റ്വേറിൽ ഏയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളിലെ ഭൂമി കൈവശക്കാർക്ക് കരം അടയ്ക്കാൻ ബ്ലോക്ക്, സർവേ നമ്പറുകൾ ഉൾപ്പെടുത്തി സംവിധാനം പുതിയതായി ആരംഭിച്ചത്. ഇതിന്റെ തൊട്ടുപിന്നാലെ കരം സ്വീകരിച്ചുതുടങ്ങി. ഇതിനിടെ സെർവർ തകരാർ മൂലം കരം സ്വീകരിക്കൽ അല്പസമയം തടസപ്പെട്ടു.