ഐഎസ്ഒ സർട്ടിഫിക്കേഷൻ നിറവിൽ കളക്ടറേറ്റ്
1298637
Wednesday, May 31, 2023 2:07 AM IST
കോട്ടയം: കേരളത്തിൽഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ കളക്ടറേറ്റായി കോട്ടയം. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നിർവഹിച്ചു.
നവീകരിച്ച ഓഫീസും മന്ത്രി നാടിനു സമർപ്പിച്ചു. കളക്ടറേറ്റിലെ ഓഫീസുകൾ എവിടെയൊക്കെയെന്ന് മൊബൈൽ ഫോണിലൂടെ വേഗത്തിൽ അറിയുന്നതിനായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ തയാറാക്കിയ ഓഫീസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ഐഎസ്ഒ സർട്ടിഫിക്കേഷൻ ലോഗോ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രകാശനം ചെയ്തു. ആധുനിക നിലവാരത്തിൽ നവീകരിച്ച ഓഫീസുകളും റിക്കാർഡ് റൂമും മന്ത്രിമാർ സന്ദർശിച്ചു. പൊതുജനങ്ങൾക്കായി ഫ്രണ്ട് ഓഫീസ് സംവിധാനം, ഇരിപ്പിടങ്ങൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.
സമയ ബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, റിക്കാർഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചത്.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, വി.ബി. ബിനു, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൾ പൊടിപാറ, ആർഡിഒ പി.ജി. രാജേന്ദ്രബാബു, ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, ഡെപ്യൂട്ടി കളക്ടർമാരായ കെ.എ. മുഹമ്മദ് ഷാഫി, സോളി ആന്റണി, ജിയോ ടി. മനോജ്, ഫ്രാൻസിസ് ബി. സാവിയോ, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ റോയി ജോസഫ് എന്നിവർ പങ്കെടുത്തു.